സഹകരണ മേഖലയിൽ കടന്നുകയറാൻ കേന്ദ്രം ശ്രമിക്കുന്നു: കാനം രാജേന്ദ്രൻ

Sunday 13 November 2022 1:03 AM IST

കൊല്ലം: സഹകരണ മേഖലയിൽ കടന്നുകയറാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ (എ.ഐ.ടി.യു.സി) 15ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയന്ത്രണങ്ങൾ നല്ലതാണ്. എന്നാൽ ഭരണഘടനാ അവകാശങ്ങൾ കവരുന്നത് അംഗീകരിക്കില്ല. റിസർവ് ബാങ്കിനെ ഉപയോഗിച്ച് സഹകരണ സ്ഥാപനങ്ങളിൽ ഇടങ്കോലിടുകയാണ്. നോട്ട് നിരോധിച്ചപ്പോൾ സഹകരണ മേഖല കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന് കേന്ദ്രം ആരോപിച്ചു. അന്നേ സഹകരണ മേഖലയിൽ ഇടപെടാനുള്ള വഴി തേടുകയായിരുന്നു.
90 വരെ പാർലമെന്റിൽ വന്ന ബില്ലുകൾ തൊഴിലാളി താൽപ്പര്യം സംരക്ഷിക്കുന്നവയായിരുന്നു. ഇപ്പോൾ തൊഴിലാളി താൽപ്പര്യം ഹനിക്കുന്ന ബില്ലുകളാണ് പാർലമെന്റ് പാസാക്കുന്നത്.
സഹകരണ മേഖലയ്ക്ക് ഇ.ചന്ദ്രശേഖരൻനായരും പി.രവീന്ദ്രനും നൽകിയ സംഭാവനകൾ വലുതാണെന്നും കാനം പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങളെ മെച്ചപ്പെടുത്താൻ സർക്കാർ നിയോഗിച്ച വിദഗ്ദ്ധകമ്മിറ്റിയുടെ റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ച് നിയമമാക്കിയെന്ന് അഭിവാദ്യപ്രസംഗം നടത്തിയ എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് വിത്സൻ ആന്റണി പതാക ഉയർത്തി. സ്വാഗതസംഘം ചെയർമാൻ പി.എസ്.സുപാൽ എം.എൽ.എ സ്വാഗതം പറഞ്ഞു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ആർ.രാജേന്ദ്രൻ, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി എം.ജി.രാഹുൽ, ജില്ലാ സെക്രട്ടറി ജി.ബാബു തുടങ്ങിയവർ സംസാരിച്ചു.