ദിലീപേട്ടൻ വളരെ കൂളാണ്, വർഷങ്ങൾക്ക് ശേഷം ഈയടുത്താണ് വീണ്ടും കാണുന്നത്; നടനെക്കുറിച്ച് വെളിപ്പെടുത്തലുമായി നിത്യാദാസ്‌

Sunday 13 November 2022 2:50 PM IST

'ഈ പറക്കും തളിക'യിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് നിത്യാ ദാസ്. വിവാഹ ശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്ത താരം, പള്ളിമണി എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ നടി വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

'അവന്തിക എന്നാണ് പള്ളിമണിയിലെ കഥാപാത്രത്തിന്റെ പേര്. പൂർണഗർഭിണിയാണ്. ഒരുപാട് വർഷങ്ങൾക്ക് ശേഷം ഞാൻ അഭിനയിക്കുന്ന സിനിമയാണ്. നല്ല കഥാപാത്രമായതുകൊണ്ടാണ് ഈ ചിത്രം ചെയ്യാൻ തീരുമാനിച്ചത്.നല്ല കഥാപാത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹിച്ചിരുന്നു.'- നടി പറഞ്ഞു.

ഈ പറക്കും തളികയിൽ അഭിനയിച്ചപ്പോഴുള്ള അനുഭവവും നടി വെളിപ്പെടുത്തി. 'ആദ്യ സിനിമയാണ്. നമ്മളെക്കൊണ്ട് അഭിനയിപ്പിച്ചെടുപ്പിക്കുക എന്ന പറയുന്നത് അത്രയും ബുദ്ധിമുട്ടുള്ള കാര്യമാണ്. സംവിധായകനും പാവമാണ്, നടനും പാവമാണ്. ദിലീപേട്ടന് എത്ര ടേക്ക് എടുത്താലും ഒരു കുഴപ്പവുമില്ല. ആൾക്ക് അടുത്ത പടം ഷൂട്ട് ചെയ്യാൻ സമയമായി. എന്നാലും വളരെ കൂളാണ്. അവരിൽ നിന്നാണ് നമ്മൾ കാര്യങ്ങൾ പഠിക്കുന്നത്. അത്രയും വർഷത്തിന് ശേഷം ഈയടുത്താണ് ദിലീപേട്ടനെ കാണുന്നത്. ദിലീപേട്ടന്റെ കൂടെ ഞാൻ മൂന്ന് സിനിമ ചെയ്തിട്ടുണ്ട്.'- നിത്യാ ദാസ് വെളിപ്പെടുത്തി.

തമിഴ്‌നാട്ടിൽ എല്ലാവരും അവിടത്തെ സിനിമയേക്കാൾ മലയാള സിനിമയെപ്പറ്റിയാണ് സംസാരിക്കുന്നതെന്ന് നിത്യാ ദാസ് പറയുന്നു. ഇവിടുത്തെ താരങ്ങളെയൊക്കെ നമ്മളേക്കാൾ നന്നായിട്ട് അറിയാം.ഒരു സിനിമ ഇറങ്ങിയിട്ടുണ്ടെങ്കിൽ നമ്മളേക്കാൾ മുന്നേ അവർ കാണും. ഞാൻ ഒരു സീരിയൽ ചെയ്യുമ്പോൾ മിന്നൽ മുരളി ഇറങ്ങി. അവിടെ എല്ലാവരും കണ്ടു. യൂണിറ്റിൽ ഞാൻ മാത്രമേ കാണാത്തതായി ഉണ്ടായിരുന്നുള്ളൂ. അവരൊക്കെ ഇതിനെപ്പറ്റിയാണ് ചർച്ച ചെയ്യുന്നത്. നമ്മുടെ ഭാഷയിലെ സിനിമ ഞാൻ കണ്ടില്ലല്ലോ, എനിക്ക് തന്നെ നാണക്കേടായി തോന്നി. സിനിമ കണ്ടതിന് ശേഷമാണ് പിന്നെ ഷൂട്ടിന് പോയത്.

Advertisement
Advertisement