പാൽവില ലിറ്ററിന് എട്ട് രൂപയോളം വർദ്ധിപ്പിക്കും, പ്രഖ്യാപനം ഉടൻ

Monday 14 November 2022 7:13 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽവില ലിറ്ററിന് എട്ട് രൂപയോളം വർദ്ധിപ്പിക്കാൻ ശുപാർശ. മിൽമ നിയോഗിച്ച സമിതിയാണ് ഇടക്കാല റിപ്പോർട്ട് നൽകിയത്. ലിറ്ററിന് ഏഴുമുതൽ എട്ടുവരെ കൂട്ടണമെന്ന ശുപാർശയടങ്ങിയ ഇടക്കാല റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്. വില വർദ്ധനവ് ചർച്ച ചെയ്യാൻ മൂന്ന് യൂണിയനുകളിലേയും പ്രതിനിധികൾ ഇന്ന് അടിയന്തരയോഗം ചേരും. ഇതിന് ശേഷമാകും തീരുമാനം സർക്കാരിനെ അറിയിക്കുക.

ലിറ്ററിന് ഏഴുമുതൽ എട്ടുരൂപവരെ വർദ്ധിപ്പിച്ചാൽ മാത്രമേ കമ്മിഷനും മറ്റുംകഴിഞ്ഞ് ആറുരൂപയെങ്കിലും കർഷകന് ലഭിക്കൂ എന്നാണ് സമിതിയുടെ വിലയിരുത്തൽ. കഴിഞ്ഞതവണ പാൽവില കൂട്ടിയെങ്കിലും കമ്മിഷൻ കഴിഞ്ഞ് മൂന്നുരൂപ 66 പൈസ മാത്രമേ ലഭിച്ചിരുന്നുള്ളുവെന്ന് കർഷകർ പരാതിപ്പെട്ടിരുന്നു. നാലുരൂപയാണ് ഏറ്റവും ഒടുവിലായി മിൽമ ലിറ്ററിന് വില കൂട്ടിയത്.