കത്തുവിവാദത്തിൽ ഇന്നും പ്രതിഷേധം ശക്തം, കോർപ്പറേഷൻ ഓഫീസിന് മുകളിൽ കയറി ബി ജെ പി, മേയറുടെ കാറിൽ കരിങ്കൊടി കെട്ടി യു ഡി എഫ്, പൊലീസിന് നേരെ കസേരയേറും
തിരുവനന്തപുരം: കത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ഇന്നും ശക്തമായ പ്രതിപക്ഷ പ്രതിഷേധം. കോർപ്പറേഷൻ ഓഫീസിന് മുകളിൽ കയറി ബാനർ ഉയർത്തി ബി ജെ പി കൗൺലിർമാർ പ്രതിഷേധിച്ചപ്പോൾ മേയറുടെ കാറിൽ കരിങ്കൊടി കെട്ടിയായിരുന്നു യു ഡി എഫി ന്റെ പ്രതിഷേധം. പിന്നീട് പൊലീസ് കരിങ്കൊടി അഴിച്ചുമാറ്റി.
ശക്തമായ പ്രതിഷേധമാണ് മഹിളാകോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായത്. കോർപ്പറേഷൻ വളപ്പിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ ഏറെ പണിപ്പെട്ടാണ് പൊലീസ് തടഞ്ഞത്. ഇതിനിടെ കോർപ്പറേഷൻ വളപ്പിലേക്ക് കടന്ന മഹിളാകാേൺഗ്രസ് പ്രവർത്തകയെ അറസ്റ്റുചെയ്യാനുള്ള ശ്രമം കൗൺസിലർമാർ ഉൾപ്പടെയുള്ളവർ ഇടപെട്ട് തടയുകയും ചെയ്തു. മഹിളാ കോൺഗ്രസ് പ്രതിഷേധത്തിനിടെ പൊലീസിനുനേരെ കസേരയേറുണ്ടായി. ഹിന്ദു ഐക്യവേദിയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
അതേസമയം, കത്ത് വിവാദത്തിൽ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനും,പാർലമെന്ററി പാർട്ടി സെക്രട്ടറിയുമായ ഡി ആർ അനിൽ ക്രൈംബ്രാഞ്ചിനും വിജിലൻസിനും മൊഴി നൽകി. മേയർ ആര്യാ രാജേന്ദ്രന്റെ കത്തിനെക്കുറിച്ച് അറിയില്ലെന്നാണ് അനിൽ അന്വേഷണ സംഘത്തോട് പറഞ്ഞിരിക്കുന്നത്. കത്ത് താൻ കണ്ടിട്ടില്ല. കുടുംബശ്രീ പ്രവർത്തകരെ നിയമിക്കാൻ ഒരു കത്ത് തയ്യാറാക്കിയിരുന്നു. പബ്ലിസിറ്റിക്ക് വേണ്ടി മാത്രമാണ് അത് തയ്യാറാക്കിയത്. ഓഫീസിൽ നിന്ന് ആ കത്ത് എങ്ങനെ പുറത്തുപോയെന്ന് അറിയില്ലെന്നാണ് അനിലിന്റെ മൊഴി.എസ് എ ടി ആശുപത്രിയിലെ നിയമനവുമായി ബന്ധപ്പെട്ടുള്ള അനിലിന്റെ കത്ത് നേരത്തെ പുറത്തുവന്നിരുന്നു. മേയറുടെയും അനിലിന്റെയും കത്തുകളെക്കുറിച്ചും കഴിഞ്ഞ രണ്ട് വർഷം നഗരസഭയിൽ നടന്ന നിയമനങ്ങളെക്കുറിച്ചുമാണ് വിജിലൻസ് അന്വേഷിക്കുന്നത്.