രോഹിതിന് പകരമാര്; ടി20 ലോകകപ്പിലെ സീനിയർ താരങ്ങളുടെ മോശം പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ നായകനെ നിർദേശിച്ച് ശ്രീകാന്ത്

Monday 14 November 2022 8:22 PM IST

മുംബയ്: ടി20 ലോകകപ്പിലെ നാണം കെട്ട തോൽവിയ്ക്ക് പിന്നാലെ ഇന്ത്യൻ ടീമിലെ സീനിയർ താരങ്ങൾക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയർന്ന് വന്നത്. നിർണായകമായ സെമി ഫൈനൽ മത്സരത്തിൽ നായകനായ രോഹിത് ശർമയടക്കമുള്ള സീനിയർ താരങ്ങൾ പ്രതീക്ഷയ്ക്ക് ഉതകുന്ന തരത്തിലുള്ള പ്രകടനം കാഴ്ച വെയ്ക്കാതെ വന്നതോടെ സഞ്ജു സാംസണെയും ഇഷാൻ കിഷനെയുമടക്കമുള്ള യുവ താരങ്ങൾക്ക് അവസരം നൽകാതെ ഒഴിവാക്കിയ ബിസിസിഐയും ആരാധകരുടെ വിമർശനത്തിനിരയായി. ഈ അവസരത്തിൽ അടുത്ത ലോകകപ്പിനായി ഇന്ത്യൻ ടീമിനെ എങ്ങനെ ഉയർത്തിക്കൊണ്ട് വരാം എന്നതിൽ തന്റെ അഭിപ്രായമറിയിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്.

2024ലെ ലോകകപ്പിന് ഇന്ത്യൻ ടീമിനെ പഴയ പ്രതാപത്തിലേയ്ക്ക് തിരികെ കൊണ്ട് വരാൻ രോഹിതിന് പകരം പുതിയ നായകനെ തിരഞ്ഞെടുക്കണമെന്നാണ് ശ്രീകാന്തിന്റെ പോംവഴി. താനാണ് സെലക്ഷൻ കമ്മിറ്റി ചെയർമാനെങ്കിൽ രോഹിതിന് പകരം അടുത്ത ടി20 ലോകകപ്പിൽ ആരെയാണ് നായകനാക്കുക എന്ന കാര്യത്തിലും മുൻ ഇന്ത്യൻ നായകൻ വ്യക്തത വരുത്തി. ഇംഗ്ളണ്ടിനെതിരായ സെമി പോരാട്ടത്തിൽ അവസാന ഓവർ വരെ പൊരുതി നിന്ന ഹാർദിക് പാണ്ഡ്യയെ ഇന്ത്യൻ നായകനാക്കണമെന്നാണ് ശ്രീകാന്തിന്റെ തീരുമാനം. കൂടാതെ പുതിയ നായകനെ പ്രഖ്യാപിക്കുന്നതിനൊപ്പം രണ്ട് വർഷം അകലെയുള്ള ടി20 ലോകകപ്പിനായുള്ള തയ്യാറെടുപ്പുകളും ഇപ്പോഴെ തന്നെ ആരംഭിക്കണമെന്നും ശ്രീകാന്ത് ഓർമിപ്പിച്ചു. 1983ലെയും 2011ലെയും ഏകദിന ലോകകപ്പും 2007ലെ ടി20 ലോകകപ്പും ഇന്ത്യ നേടാൻ കാരണം ടീമിൽ ആവശ്യത്തിന് ആൾ റൗണ്ടർമാരും പേസർമാരും ഉണ്ടായതാണെന്നും കെ ശ്രീകാന്ത് ഓർമപ്പെടുത്തി.

ടി20 ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ അടുത്ത ലോകകപ്പിൽ സീനിയർ താരങ്ങൾ തുടരില്ല എന്നാണ് വിവരം. താരങ്ങളോട് ടി20 ഫോർമാറ്റിൽ നിന്നും വിരമിക്കാൻ ആവശ്യപ്പെടില്ലെന്നും അവർക്ക് തന്നെ സ്വയം തീരുമാനമെടുക്കാമെന്നും ബിസിസിഐയും അറിയിച്ചിരുന്നു. രോഹിത് ശർമ ടി20 നായക സ്ഥാനമൊഴിഞ്ഞാൽ ആ സ്ഥാനത്തേയ്ക്ക് സ്ഥിരമായി ഹാർദിക് പാണ്ഡ്യ പ്രതിഷ്ഠിക്കപ്പെടും എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട് ഇന്ത്യയുടെ ന്യൂസിലൻ‌ഡ് പര്യടനത്തിൽ സീനിയർ താരങ്ങൾക്ക് വിശ്രമമനുവദിച്ച് ഹാർദിക് പാണ്ഡ്യയ്ക്ക് നായക സ്ഥാനമനുവദിച്ചത് ഇതിന്റെ ആദ്യ പടിയായാണ് കണക്കാക്കുന്നത്. ഇതിനിടയിലാണ് 1983 ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ശ്രീകാന്തും പ്രതികരണവുമായി രംഗത്തെത്തിയത്.