ഗുരുദേവൻ-ടാഗോർ സമാഗമ ശതാബ്ദി: ദീപം തെളിഞ്ഞു

Tuesday 15 November 2022 12:15 AM IST

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവൻ-രവീന്ദ്രനാഥ ടാഗോർ സമാഗമ ശതാബ്ദി ആഘോഷങ്ങൾക്ക് ശിവഗിരി വൈദിക മഠത്തിൽ ദീപം തെളിക്കലോടെ തുടക്കം.

1922 നവംബർ 15 ന് ഗുരുദേവനും രവീന്ദ്രനാഥ ടാഗോറും ദീനബന്ധു സി.എഫ് ആൻഡ്രൂസും വൈദിക മഠത്തിന്റെ വരാന്തയിൽ മൂന്ന് തടുക്കുപായകളിൽ ഉപവിഷ്ടരായാണ് കൂടിക്കാഴ്ച നടത്തിയത്. അതേ സ്ഥലത്താണ് ഇന്നലെ രാവിലെ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ വിളക്ക് തെളിച്ച് പുഷ്പാർച്ചന നടത്തിയത്. സ്വാമി വിശാലാനന്ദ, സ്വാമി വിരജാനന്ദ, സ്വാമി അസംഘചൈതന്യഗിരി, കവികളായ കെ.ജയകുമാർ, കുരീപ്പുഴ ശ്രീകുമാർ, പി.കെ.ഗോപി, മഞ്ജു വെള്ളായണി, മണമ്പൂർ രാജൻബാബു, ഗിരീഷ് പുലിയൂർ,ഹരിദാസ് ബാലകൃഷ്ണൻ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.