വ്യക്തികൾക്കെതിരെയല്ല, നയങ്ങൾക്കെതിരെയാണ് സമരമെന്ന് യെച്ചൂരി; പതിനായിരങ്ങൾ അണിനിരന്ന് ഇടതുമുന്നണിയുടെ രാജ്ഭവൻ മാർച്ച്

Tuesday 15 November 2022 10:33 AM IST

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി ആഹ്വാനം ചെയ്‌ത രാജ്ഭവൻ മാർച്ച് മ്യൂസിയത്ത് നിന്ന് ആരംഭിച്ചു. സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു.

കേരളത്തിലേത് അസാധാരണമായ സാഹചര്യമാണെന്ന് യെച്ചൂരി പറഞ്ഞു. വ്യക്തികൾക്കെതിരെയല്ല, നയങ്ങൾക്കെതിരെയാണ് സമരം. ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാൻ വേണ്ടിയാണ് പ്രതിഷേധമെന്നും അദ്ദേഹം വ്യക്തമാക്കി.

മാർച്ചിൽ മന്ത്രിമാരും മുഖ്യമന്ത്രിയും പങ്കെടുക്കുന്നില്ല. ശക്തമായ ജനകീയ മുന്നേറ്റമാണിതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. ഗവർണർ കോടതിയാകേണ്ടെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.

രാജ്ഭവനു മുന്നിൽ ഒരുലക്ഷം പേരും ജില്ലാ ആസ്ഥാനങ്ങളിൽ നടക്കുന്ന കൂട്ടായ്മകളിൽ പതിനായിരങ്ങളുമാണ് അണിനിരക്കുന്നതെന്ന് എൽ ഡി എഫ് നേതാക്കൾ അറിയിച്ചു. വിദ്യാഭ്യാസ വിചക്ഷണരും പണ്ഡിതരും അദ്ധ്യാപകരും രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരടക്കം മാർച്ചിൽ പങ്കെടുക്കുന്നുണ്ട്. രാജ്ഭവൻ മാർച്ചിനെ തുടർന്ന് നഗരത്തിൽ രാവിലെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.