കെ സുധാകരന്റെ മനസ് ബി ജെ പിയ്ക്കൊപ്പം,​ ഇവിടെ  ഓഫറുകൾ   ഇല്ലാത്തതിനാലാണ്  കോൺഗ്രസ്  നേതാക്കൾ  പാർട്ടിയിലേയ്ക്ക് വരാത്തതെന്ന് കെ സുരേന്ദ്രൻ

Tuesday 15 November 2022 12:23 PM IST

കൊച്ചി: കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ നടത്തിയ ആർ എസ് എസ്- നെഹ്‌റു പരാമർശത്തിൽ പ്രതികരിച്ച് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സുധാകരന്റെ മനസ് ബി ജെ പിയ്ക്ക് ഒപ്പമാണെന്നും സമാന ചിന്താഗതിക്കാരായ നിരവധിപേർ കോൺഗ്രസിലുണ്ടെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു.

കോൺഗ്രസിന് വേറെ ഓപ്‌ഷൻ ഇല്ല. ജനങ്ങൾ അവരെ കയ്യൊഴിയുകയാണ്. കെ സുധാകരന്റെ അഭിപ്രായം മറ്റ് നേതാക്കൾക്കുമുണ്ട്. കെ പി സി സി പ്രസിഡന്റിനെ ബി ജെ പിയിലേയ്ക്ക് ക്ഷണിക്കുന്നില്ല. എന്നാൽ അവർ അരക്ഷിതരാണ്. ഇവിടെ ഓഫറുകൾ ഒന്നും നൽകാൻ ഇല്ലാത്തതിനാലാണ് കോൺഗ്രസ് നേതാക്കൾ ബി ജെ പിയിലേയ്ക്ക് വരാത്തത്. പദവികൾ നൽകാൻ കഴിയുമായിരുന്നെങ്കിൽ സ്ഥിതി മറിച്ചാകുമായിരുന്നെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

സുധാകരന്റെ പ്രസ്താവനയിൽ എതി‌ർപ്പറിയിച്ച മുസ്‌ലീം ലീഗിനെതിരെയും കെ സുരേന്ദ്രൻ പ്രതികരിച്ചു. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ലീഗ് എന്തിനാണ് അഭിപ്രായം പറയുന്നത്. ലീഗ് ആണോ കോൺഗ്രസിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത്. കെ സുധാകരനെ ചാരി ലീഗ് ഇടതുമുന്നണിയിലേയ്ക്ക് പോകാൻ ശ്രമിക്കുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ നടത്തിയ ആർ എസ് എസ്- നെഹ്‌റു പ്രസ്താവന കോൺഗ്രസിന്റെ ചരിത്രത്തിന് വിരുദ്ധമാണെന്ന് മുസ്‌ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ ചാർജ് പി എം എ സലാം പറഞ്ഞിരുന്നു. കോൺഗ്രസിൽ നിന്ന് ഇത്തരം പ്രസ്താവനകൾ ഉണ്ടാവുന്നത് ലീഗ് നിസാരമായി കാണുന്നില്ലെന്നും പി എം എ സലാം വ്യക്തമാക്കി. സുധാകരൻ നടത്തിയ പ്രസ്താവനയിൽ മുന്നണിയെ അതൃപ്‌തി അറിയിച്ചതായി മുസ്‌ലീം ലീഗ് ഉന്നതാധികാര സമിതി അംഗം എം കെ മുനീറും പറഞ്ഞിരുന്നു.സുധാകരന്റെ പ്രസ്‌താവനയിൽ കോൺഗ്രസ് ഹൈക്കമാൻഡും അതൃപ്‌തി അറിയിച്ചു. പ്രസ്താവന എതിരാളികൾ ആയുധമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ആർ എസ് എസ് നേതാവായ ശ്യാമപ്രസാദ് മുഖർജിയെ മന്ത്രിയാക്കിക്കൊണ്ട് നെഹ്റു വർഗീയ ഫാസിസത്തോട് സന്ധിചെയ്യാൻ തയ്യാറായെന്നായിരുന്നു കെ സുധാകരന്റെ പ്രസ്‌താവന. ആർ എസ് എസിന്റെ ശാഖ സംരക്ഷിക്കാൻ ആളെ വിട്ടിരുന്നെന്ന പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് സുധാകരന്റെ പുതിയ പരാമർശം.