ടോപ് ഗിയറിലേക്ക് സ്വിഗ്ഗി സമരം

Wednesday 16 November 2022 3:48 AM IST

കൊച്ചി: ഒത്തുതീർപ്പ് ശ്രമങ്ങൾ പാളിയതോടെ സമരം ശക്തമാക്കാനുറച്ച് സ്വിഗ്ഗി തൊഴിലാളികൾ. ജില്ലാ ലേബർ ഓഫീസറുടെ സാന്നിദ്ധ്യത്തിൽ തൊഴിലാളി- മാനേജ്‌മെന്റ് പ്രതിനിധികൾ നടത്തിയ ചർച്ചയും അലസിയതോടെ സമരം സംസ്ഥാന വ്യാപകമാക്കാനാണ് നീക്കം.

മിനിമം വേതനം ഉയർത്തുക, നിസ്സാരകാര്യങ്ങൾക്കു പിഴ ചുമത്തുകയും ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജില്ലയിലെ ഏഴായിരത്തോളം തൊഴിലാളികളുടെ സമരം.

പെരുമഴയത്തും ചൂടിലും വിശ്രമമില്ലാതെ ജോലി ചെയ്യാൻ നിർബന്ധിതരായിട്ടും മതിയായ ആനുകൂല്യമില്ലെന്നാണു പരാതി.

നാലുവർഷം മുമ്പ്,​ ഡെലിവറി സാധനങ്ങളുമായി മൂന്നു കിലോമീറ്റർ പിന്നിട്ടാൽ 50 രൂപ ലഭിച്ചിരുന്നെങ്കിൽ ഇന്നു നാലര കിലോമീറ്റർ ഓടിയാൽ കിട്ടുന്നത് 20 രൂപ. ഒൻപതര മണിക്കൂറാണ് മിനിമം ജോലിസമയം. വൈകിയാലോ ഡെലിവറി സാധനം നഷ്ടപ്പെട്ടാലോ 1,​000 രൂപവരെ പിഴചുമത്തുമെന്നും പരാതിയുണ്ട്.

ഓവ‌ർലോഡുമായി

'ഓഫർ ഓട്ടം"

ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച്, ഓഫറുകൾ പ്രഖ്യാപിച്ച് അധികജോലി ചെയ്യിക്കുന്നുവെന്നാണ് മറ്റൊരു പരാതി. ആഴ്ചയിൽ 6,​000 രൂപയ്ക്ക് ഓടിയാൽ 2,​200 രൂപ ഇൻസെന്റീവ് ലഭിക്കുമെന്ന ഓഫ‌ർ എത്തിപ്പിടിക്കാൻ 18 മണിക്കൂറിലേറെ ജോലി ചെയ്യേണ്ടിവരുന്നു. ആനുകൂല്യങ്ങൾ പ്രതീക്ഷിച്ച് പാവപ്പെട്ട വിദ്യാർത്ഥികളും ചെറുപ്പക്കാരും പാർട്ടൈം അടിസ്ഥാനത്തിൽ ജോലിക്കെത്തുന്നു. 70 ശതമാനത്തോളം തീരെ പാവപ്പെട്ട കുടുംബങ്ങളിലെയാണ്.

വായ്പയെടുത്ത് ബൈക്കും സ്മാർട്ട്ഫോണും വാങ്ങുന്നത് മുതൽ തുടങ്ങുന്നു ബാദ്ധ്യതകൾ. പെട്രോൾ, ഓയിൽ, അറ്റകുറ്റപ്പണി എന്നിവയുടെ ചെലവ് കണക്കാക്കുമ്പോഴും കാര്യമായൊന്നും തടയാത്തതിനാൽ ഓവർടൈം ചെയ്യാൻ നിർബന്ധിതരാകുന്നു. ദിവസവും ചുരുങ്ങിയത് 200 കിലാേമീറ്ററാണ് ഓട്ടം.

ഒപ്പമുണ്ട് അപകടം

വാഹനക്കുരുക്ക് മറികടന്ന് കൃത്യസമയത്ത് സാധനങ്ങൾ എത്തിക്കുന്നതാണ് പ്രധാന വെല്ലുവിളി. വൈകിയാൽ പരാതിയും തൊട്ടുപിന്നാലെ കമ്പനിയുടെ പിഴയുമുണ്ടാകുമെന്നതിനാൽ പെരുമഴപോലും കാര്യമാക്കാതെ അതിവേഗം യാത്ര ചെയ്യേണ്ടിവരുന്നു.

വലിയ വാഹനങ്ങൾ പായുന്ന റോഡിലൂടെയുള്ള ബൈക്ക് യാത്രയിൽ അപകടം പതിവാണ്. ഇൻഷ്വറൻസ് പരിരക്ഷ പ്രഖ്യാപനങ്ങളിൽ ഒതുങ്ങും.

''കമ്പനിയുടെ പേരുള്ള ടീ ഷർട്ട് , ബാഗ്, ഓവർകോട്ട് എന്നിവ തൊഴിലാളി കാശുകൊടുത്തു വാങ്ങണം. പ്രശ്നപരിഹാരം നീളുന്നതിനാലാണ് സമരം ശക്തമാക്കുന്നത്""

എ.കെ.സുരേന്ദ്രൻ, ജില്ലാ കൺവീനർ,

ഫുഡ് ഡെലിവറി വർക്കേഴ്സ് യൂണിയൻ

Advertisement
Advertisement