മണപ്പുറം ഫിനാൻസിന് സംയോജിത ലാഭം 409 കോടി രൂപ ; വർദ്ധന മുൻ പാദത്തേക്കാൾ 45 ശതമാനം

Wednesday 16 November 2022 1:27 AM IST
മണപ്പുറം ഫിനാൻസ് ലിമിറ്റഡ്


ഓഹരി ഒന്നിന് 0.75 രൂപ ഇടക്കാല ലാഭവിഹിതം

കൊച്ചി : മണപ്പുറം ഫിനാൻസ് ലിമിറ്റഡ് 2022 സെപ്റ്റംബർ 30ന് അവസാനിച്ച രണ്ടാം പാദത്തിൽ 409.48 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി. മുൻ വർഷത്തെ 369.88 കോടി രൂപയെ അപേക്ഷിച്ച് 10.70 ശതമാനവും ആദ്യ പാദത്തെ അപേക്ഷിച്ച് 45.25 ശതമാനവും വർദ്ധനയാണ് രേഖപ്പെടുത്തിയത്. കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തി 7.89 ശതമാനം വർധിച്ച് 30,664.96 കോടി രൂപയിലെത്തി. മുൻ വർഷം ഇത് 28,421.63 കോടി രൂപയായിരുന്നു. സബ്‌സിഡിയറികളെ ഒഴിവാക്കിയുള്ള അറ്റാദായം 348.71 കോടി രൂപയാണ്. സംയോജിത പ്രവർത്തന ലാഭം മുൻ വർഷം ഇതേ പാദത്തിലെ 1,531.92 കോടി രൂപയിൽ നിന്ന് 1,696.26 കോടി രൂപയായും വർദ്ധിച്ചു.

രണ്ടു രൂപ മുഖവിലയുള്ള ഓഹരികൾക്ക് 0.75 രൂപ വീതം ഇടക്കാല ലാഭ വിഹിതം വിതരണം ചെയ്യാനുള്ള തീരുമാനം ഡയറക്ടർ ബോർഡ് യോഗം അംഗീകരിച്ചു. 'ലാഭത്തിൽ തുടർച്ചയായി 45 ശതമാനം വളർച്ച കൈവരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും വളർച്ച ലക്ഷ്യമിടുമ്പോഴും പ്രവർത്തന കാര്യക്ഷമത നിലനിർത്താനുള്ള പ്രതിബദ്ധതയാണ് ഇതി​ന് സഹായകമായതെന്നും മണപ്പുറം ഫിനാൻസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ വി.പി. നന്ദകുമാർ പറഞ്ഞു.

കമ്പനിയുടെ സ്വർണ വായ്പാ പോർട്ട്‌ഫോളിയോ 19,190 കോടി രൂപയാണ്. ഈ കാലയളവിലെ സജീവ സ്വർണ വായ്പാ ഉപഭോക്താക്കളുടെ എണ്ണം 24.1 ലക്ഷമായി. കമ്പനിയുടെ മൈക്രോഫിനാൻസ് ബിസിനസ് കൈകാര്യം ചെയ്യുന്ന ആസ്തികൾ 7,118.10 കോടി രൂപയായി വർദ്ധിച്ചു. ആദ്യ പാദത്തെ അപേക്ഷിച്ച് 8.74 ശതമാനവും മുൻ വർഷത്തെ ഇതേ പാദത്തെ (7029.90 കോടി രൂപ) അപേക്ഷിച്ച് 1.25 ശതമാനവുമാണ് ആസ്തി വളർച്ച.

ഭവന വായ്പാ സബ്‌സിഡിയറിയായ മണപ്പുറം ഹോം ഫിനാൻസ് കൈകാര്യം ചെയ്യുന്ന ആസ്തികളിൽ 25.87 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി. മുൻവർഷം ഇതേപാദത്തിൽ 732.19 കോടി രൂപയായിരുന്നത് ഇത്തവണ 921.58 കോടി രൂപയിലെത്തി. വെഹിക്കിൾസ് ആന്റ് എക്യുപ്‌മെന്റ് ഫിനാൻസ് വിഭാഗത്തിന്റെ ആകെ ആസ്തികൾ 48.81 ശതമാനം വാർഷിക വളർച്ചയോടെ 1,885.53 കോടി രൂപയിലെത്തി.

Advertisement
Advertisement