വിലകുറഞ്ഞ മദ്യമില്ല; കുടിയന്മാർ കുടുക്കിൽ

Wednesday 16 November 2022 3:02 AM IST

കോലഞ്ചേരി: വിലകുറഞ്ഞതും ജനപ്രിയവുമായ മദ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെ മദ്യപർ കുടുക്കിലായി. ബീവറേജസ് ഷോപ്പുകളിൽ കുറഞ്ഞവിലയുള്ള മദ്യം കിട്ടാനില്ല. ഒരു മാസമായി സംസ്ഥാനത്ത് ഉത്പാദനവും വിപണനവുമുള്ള 13 കമ്പനികൾ ഒരു കെയ്സ് മദ്യംപോലും വിതരണം ചെയ്തിട്ടില്ല.

കെ.എസ്.ബി.സിയുമായുള്ള ശീതസമരത്തിന്റെ ഭാഗമാണിത്.

സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള മദ്യമായിരുന്നു വിപണിയിൽ ഉണ്ടായിരുന്നത്. എക്സൈസ് ഡ്യൂട്ടി വിതരണക്കമ്പനികൾ അടയ്ക്കണമെന്ന നിർദ്ദേശം വന്നതോടെ അവരും വിതരണം കുറച്ചു. മുമ്പ് കെ.എസ്.ബി.സിയായിരുന്നു ഡ്യൂട്ടി അടച്ചിരുന്നത്. ഡ്യൂട്ടി കെ.എസ്.ബി.സി തന്നെ അടച്ച് വിതരണം സുഗമമാക്കണമെന്ന സർക്കാർ നിർദ്ദേശവും പാലിക്കപ്പെടുന്നില്ലെന്ന് കമ്പനി ഉമകൾ പറയുന്നു. ആവശ്യത്തിനു സ്‌റ്റോക്ക് എത്താതായതോടെ പലയിടത്തും ഔട്ട്ലെ​റ്റുകൾ കാലിയായി. സ്പിരി​റ്റിന് (ഇ.എൻ.എ) വില വർദ്ധിച്ചതോടെ മദ്യക്കമ്പനികൾ ഉത്പാദനം കുറച്ചു. ലിറ്ററിന് 65 രൂപയുണ്ടായ സ്പിരിറ്റിന് ഇപ്പോൾ 73 രൂപയാണ്.

സ്പിരി​റ്റ് വരവ് കുറഞ്ഞതോടെ ചെറുകിട കമ്പനികൾ ഉത്പാദനം 60 ശതമാനത്തോളം വെട്ടിക്കുറച്ചു. വിലകുറഞ്ഞ മദ്യം ലഭ്യമല്ലാതായതോടെ വ്യാജമദ്യ നിർമ്മാണവും കടത്തും കൂടുമെന്ന് എക്‌സൈസ് ഇന്റലിജൻസ് മുന്നറിയിപ്പു നൽകിയിട്ടും പ്രശ്‌ന പരിഹാരത്തിനു സർക്കാർ ശ്രമിക്കുന്നില്ല. അതിർത്തി കടന്ന് തമിഴ്‌നാട്ടിൽ നിന്ന് മദ്യം കേരളത്തിലേക്കെത്താൻ സാദ്ധ്യതയുള്ളതിനാൽ ചെക്‌പോസ്​റ്റുകളിൽ പരിശോധന കർശനമാണ്.

'ജവാനെ കാണാനി​ല്ല"

അരലിറ്ററിനു 400-500 രൂപ വരെയുള്ള ബ്രാൻഡുകൾക്കാണ് ക്ഷാമം. സർക്കാരിന്റെ സ്വന്തം ബ്രാൻഡായ ജവാൻ, ജനപ്രിയ ബ്രാൻഡുകളായ ഹണിബീ, ഓൾഡ് പോർട്ട്, ഓൾഡ് കാസ്ക് തുടങ്ങിയവയുടെ വിതരണം നിലച്ച മട്ടാണ്. കുറഞ്ഞ പ്രീമി​യം ബ്രാൻഡിന് പോലും ലിറ്ററിന് 1,​000 രൂപയ്ക്കു മുകളിൽ നൽകണം.

Advertisement
Advertisement