വരവ് കൂടി; അരി വില താഴുന്നു

Wednesday 16 November 2022 2:33 AM IST

തിരുവനന്തപുരം: കർണാടകയിലെ ഷിമോഗയിലും പഞ്ചാബിലും കൊയ്ത്ത് ആരംഭിച്ചതിനെ തുടർന്ന് വരവ് കൂടിയതോടെ പിടിവിട്ട് കുതിച്ച സംസ്ഥാനത്തെ അരി വില മെല്ലെ താഴാൻ തുടങ്ങി. മൊത്ത വിപണിയിൽ 60 രൂപ കടന്ന 'ജയ' എന്ന പേരിൽ വിൽക്കുന്ന ആന്ധ്ര വെള്ളയുടേയും മട്ട അരിയുടേയും ഇന്നലെത്തെ വില കിലോയ്ക്ക് 56-57 രൂപ. മറ്റ് അരി ഇനങ്ങളുടെ വിലയും കുറഞ്ഞു തുടങ്ങി.

മന്ത്രി ജി.ആർ.അനിൽ നടത്തിയ ചർച്ചയെ തുടർന്ന് ആന്ധ്രാപ്രദേശ് സർക്കാർ എത്തിക്കുന്ന ആദ്യ ലോഡ് അരിയും പലവ്യഞ്ജനങ്ങളും ഈ മാസാവസാനം എത്തുന്നതോടെ വില വീണ്ടും കുറയും. കേരളത്തിലെ മില്ലുകളിൽ മട്ട അരിക്കുള്ള നെല്ല് കൂടുതലും എത്തുന്നത് ഷിമോഗയിൽ നിന്നാണ്.

സംസ്ഥാനത്ത് ആന്ധ്രാ വെള്ളയ്ക്കും (ജയ)​ മട്ട അരിയ്ക്കും ഒരിക്കലും ഡിമാന്റ് കുറയാത്തതാണ് ഇവയുടെ വിലക്കയറ്റത്തിന് പലപ്പോഴും കാരണമാകുന്നത്. അഞ്ചു വർഷം മുമ്പുവരെ സുരേഖ അരിക്കും ആന്ധ്രവെള്ളയ്ക്കും ഏതാണ്ട് ഒരേ വിലയായിരുന്നു. ആന്ധ്ര അരിയുടേയോ മട്ട അരിയുടേയോ വില അമിതമായി കൂടുമ്പോഴൊക്കെ ഉപഭോക്താക്കൾ സുരേഖ,​ ക്രാന്തി,​ ചമ്പാവരിയുടെ മറ്റ് വകഭേദങ്ങളായ ഉരുട്ട് റോസ്,​ ഡൊപ്പി അരി എന്നിവ വാങ്ങുമായിരുന്നു. ഡിമാന്റ് കുറയുന്നതോടെ ആന്ധ്ര, മട്ട അരികളുടെ വില താനെ താഴുകയും ചെയ്യും. ഇപ്പോഴങ്ങനെ ഉണ്ടായില്ല.

ഇന്നലത്തെ അരി വില

സുരേഖ - ₹36

റോസ്- ₹38

ക്രാന്തി- ₹38

ഡൊപ്പി- ₹35

''അഞ്ച്, പത്ത് കിലോ പായ്ക്കറ്റ് അരിക്ക് ചില്ലറയ്ക്ക് തൂക്കി വിൽക്കുന്നവയെക്കാൾ കൂടിയ വിലയാണ്. എന്നാലും അവയുടെ ഡിമാന്റിന് കുറവില്ല.

-സന്തോഷ്,​

അരി മൊത്ത വ്യാപാരി,​

ചാല മാർക്കറ്റ്