ഗവർണർക്കെതിരെ താക്കീതുമായി എൽ.ഡി.എഫ് റാലി ഏകാധിപതികളെ കേരളം പൊറുപ്പിച്ചിട്ടില്ല: സ്വരാജ്

Wednesday 16 November 2022 12:33 AM IST
കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടന്ന എൽ.ഡി.എഫ് റാലി കെ.പി.മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ഗവർണറുടെ കേരളത്തിനെതിരായ നീക്കം ചെറുക്കുകയെന്ന മുദ്രാവാക്യവുമായി എൽ.ഡി.എഫ് നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ മാർച്ചിന്റെ ഭാഗമായി കോഴിക്കോട്ടും ബഹുജന റാലി നടന്നു. മുതലക്കുളത്ത് നടന്ന റാലിയിലും പൊതുസമ്മേളനത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരങ്ങൾ അണിചേർന്നു. കേരളം ഇക്കാലമത്രയും ഒരു ഏകാധിപതിക്ക് മുന്നിലും മുട്ടുമടക്കിയിട്ടില്ലെന്ന് റാലിയിൽ പ്രസംഗിച്ച സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് പറഞ്ഞു. ഏകാധിപതികളാവാൻ ശ്രമിക്കുന്നവർ സി.പി.രാമസ്വാമി അയ്യരുടെ ചരിത്രം പരിശോധിക്കണം. കേരള ഗവർണർ ഭരണഘടനാപരമായ കൃത്യനിർവഹണമല്ല നടപ്പിലാക്കുന്നത്. മറിച്ച് ആർ.എസ്.എസ് കേന്ദ്രങ്ങൾ തയ്യാറാക്കിയ അജണ്ടയാണ്. ജനാധിപത്യ രീതിയിൽ അധികാരത്തിലേറിയ സർക്കാരാണിവിടെ ഭരിക്കുന്നത്. ജനം തിരഞ്ഞെടുത്തൊരു എം.എൽ.എയെ മുഖ്യമന്ത്രിയാണ് മന്ത്രിയായി നിശ്ചയിക്കുന്നത്. അത് അംഗീകരിക്കുകയാണ് ഗവർണറുടെ കടമ. പ്രീതിയില്ലെന്ന് പറഞ്ഞ് മാറ്റാൻ ആവശ്യപ്പെട്ടാൽ അത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. എം.എൽ.എ, എം.പി എന്നിവർക്ക് ഭരണഘടന നിർദ്ദേശിക്കുന്ന ഒരു മാനദണ്ഡമുണ്ട്. അത് വിദ്യാഭ്യാസ യോഗ്യതയല്ല, മറിച്ച് സ്ഥിര ബുദ്ധിവേണമെന്നതാണ്. എന്നാൽ ഗവർണർമാരാകാനുള്ള യോഗ്യതയിൽ അത്തരമൊരു മാനദണ്ഡമില്ല. കേരള ഗവർണർ അത് ഭൂഷണമായി കരുതുന്നുണ്ടോയെന്ന് അറിയില്ലെന്നും സ്വരാജ് പറഞ്ഞു. എൽ.ജെ.ഡി നേതാവ് കെ.പി.മോഹനൻ എം.എൽ.എ റാലി ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തെ സംരക്ഷിക്കലാണ് ഗവർണറുടെ ജോലി അല്ലാതെ ധ്വംസനമല്ലെന്ന് മോഹനൻ പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സത്യൻ മൊകേരി, പി.എം.സുരേഷ്ബാബു, കെ.ലോഹ്യ, മുക്കം മുഹമ്മദ്, ഗോപാലൻ മാസ്റ്റർ, സി.എച്ച് ഹമീദ്, എൻ.കെ.അബ്ദുൾ അസീസ്, സാലിഹ് കൂടത്തായ്, ബാബു ബെനഡിക്ട് തുടങ്ങിയവർ

പ്രസംഗിച്ചു.

Advertisement
Advertisement