സഭാതർക്കത്തിൽ പരിഹാരമായില്ല

Wednesday 16 November 2022 2:49 AM IST

തിരുവനന്തപുരം: ഓർത്തഡോക്സ്, യാക്കോബായ സഭകൾ തമ്മിലെ തർക്കങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ ഇന്നലെ ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചർച്ചയും ഫലപ്രാപ്തിയിലെത്താതെ പിരിഞ്ഞു. സർക്കാർ തലത്തിലുള്ള ചർച്ചകൾ ഇതോടെ അവസാനിച്ചു.

കോടതി നിർദ്ദേശ പ്രകാരമായിരുന്നു ഇന്നലത്തെ ചർച്ച. തർക്കം നിയമ നിർമ്മാണത്തിലൂടെ പരിഹരിക്കണമെന്ന് യാക്കോബായ സഭയും ,സുപ്രീംകോടതി വിധി ആദ്യം നടപ്പാക്കണമെന്ന് ഓർത്തഡോക്സ് സഭയും നിലപാടുകളിലുറച്ചുനിന്നു. നൂറ്റാണ്ടിലധികമായി തുടരുന്ന പ്രശ്നം

നിയമ നിർമ്മാണത്തിലൂടെ പരിഹരിക്കണമെന്ന് സുപ്രീംകോടതിയും പറഞ്ഞിട്ടുണ്ട്. അത് ചെയ്താൽ , ഓരോ പള്ളിയിലെയും ഭൂരിപക്ഷത്തിനും ന്യൂനപക്ഷത്തിനും എണ്ണത്തിനനുസരിച്ച് സ്വത്തുക്കൾ ലഭിക്കും. സുപ്രീംകോടതി വിധി നടപ്പാക്കുമ്പോൾ എന്തെങ്കിലും പ്രശ്നമുണ്ടായാൽ അപ്പോൾ ചർച്ചകളിലൂടെ പരിഹരിക്കാൻ തയ്യാറാണെന്നായിരുന്നു ഓർത്തഡോക്സ് സഭയുടെ നിലപാട്. സുപ്രീംകോടതി വിധിയനുസരിച്ച് ഇരുസഭകൾക്കും യോജിച്ച് പോകാനേ സാധിക്കൂ. സ്വത്തുക്കൾ വീതം വച്ച് പിരിയാനാവില്ല. ഈ സാഹചര്യത്തിൽ കോടതിവിധി ആദ്യം അംഗീകരിക്കണം. പിന്നീടുള്ള കാര്യങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാമെന്നും അവർ വ്യക്തമാക്കി. സർക്കാർതല ചർച്ചകൾ അവസാനിപ്പിച്ചതായി ഹൈക്കോടതിയെ അറിയിക്കുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.

ഓർത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹനോൻ മാർ ക്രിസോസ്റ്റമോസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. സജി അമയിൽ, മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, ലേ സെക്രട്ടറി റോണി വർഗീസ് എന്നിവരും യാക്കോബായ സഭയെ പ്രതിനിധീകരിച്ച് മെട്രോപോളിറ്റൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്, യൂഹാനോൻ മാർ മിലിത്തിയോസ്, വൈദിക ട്രസ്റ്റി സ്ലീബാ പോൾ വട്ടവേലിൽ കോർ എപിസ്കോപ്പ, സഭാ സെക്രട്ടറി പീറ്റർ കെ. ഏലിയാസ്, അൽമായ ട്രസ്റ്റി ഷാജി ചൂണ്ടയിൽ എന്നിവരും പങ്കെടുത്തു.

Advertisement
Advertisement