ശബരിമല സീസണിൽ വിപുലമായ ക്രമീകരണങ്ങളുമായി ബി.എസ്.എൻ.എൽ

Wednesday 16 November 2022 12:24 AM IST

തിരുവല്ല : ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ച് തടസരഹിത വാർത്താവിനിമയ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങൾ ബി.എസ്.എൻ.എൽ ഏർപ്പെടുത്തിയതായി ടെലികോം പ്രിൻസിപ്പൽ ജനറൽ മാനേജർ കെ.സാജു ജോർജ്ജ് അറിയിച്ചു.

മണ്ഡല മകരവിളക്ക് മഹോത്സവ കാലയളവിൽ അതിനൂതനവും വേഗതയേറിയതുമായ ഒപ്റ്റിക്കൽ ഫൈബർ കണക്ടിവിറ്റി ശബരിമലയിൽ സാദ്ധ്യമാക്കി. ഇതിലൂടെ 300 എം.ബി.പി.എസ് വരെ വേഗത ലഭിക്കുന്ന അതിവേഗ ഇന്റർനെറ്റ് സംവിധാനം ലഭ്യമാകും. പൊലീസ്, ഫോറസ്റ്റ് വകുപ്പുകൾ, ദേവസ്വം ബോർഡ്, വാർത്താമാദ്ധ്യമങ്ങൾ, മറ്റ് സർക്കാർ ഏജൻസികൾ, ബാങ്കുകൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ

ഫൈബർ കണക്ടിവിറ്റിയിലൂടെ ലീസ്ഡ് സർക്ക്യൂട്ട് ടെലികോം സേവനങ്ങൾ ഒരുക്കിയിട്ടുണ്ട്. എഫ്.റ്റി.റ്റി.എച്ച് മുഖേന 50ന് മുകളിൽ ഇന്റർനെറ്റ് കണക്ഷൻ, 32 ലാൻഡ് ലൈൻ കണക്ഷൻ, 12 ലീസ് ഡ് സർക്ക്യൂട്ടുകൾ തുടങ്ങിയ സേവനങ്ങൾ വിവിധ വകുപ്പുകൾക്ക് നൽകി കഴിഞ്ഞു. ജില്ല അഡ്മിനിസ്ട്രേഷൻ ആരോഗ്യ വകുപ്പിന് 42 ഹോട്ട്ലൈൻ കണക്ഷനുകൾ നൽകി.
2018ലെ പ്രളയത്തിൽ മണ്ണിടിച്ചിലിൽ മൂലം തീർത്ഥാടനപാതയിലെ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾക്ക് തകരാറുണ്ടായിരുന്നു. കഴിഞ്ഞ മകരവിളക്ക് കാലയളവിൽ താൽക്കാലികമായി കേബിൾ ക്രമീകരിച്ചാണ് സർവ്വീസ് സുഗമമാക്കിയത്. ഇക്കൊല്ലം അതെല്ലാം നീക്കി അണ്ടർ ഗ്രൗണ്ട് കേബിൾ വലിച്ച് തടസമില്ലാതെ സർവീസുകൾ ലഭ്യമാക്കാൻ വേണ്ടിയുള്ള ക്രമീകരണങ്ങളും പൂർത്തിയാക്കി.

മൊബൈൽ കവറേജ്
ശബരിമലയിലേക്കുള്ള എല്ലാ പ്രധാന തീർത്ഥാടനപാതകളിലും മൊബൈൽ കവറേജ്‌ ലഭ്യമാക്കുന്നതിന് വേണ്ടി 10 സ്ഥിരം ടവറുകളും 11 താൽക്കാലിക ടവറുകളും ഉൾപ്പെടെ 21 മൊബൈൽ ടവറുകൾ സജ്ജമാക്കി. ബി.എസ്.എൻ.എൽ. ഫൈബർ സേവനങ്ങൾ ശബരിമല, പമ്പ, നിലയ്ക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ ആവശ്യമുള്ളവർക്ക് bsnlebpta@gmail.com എന്ന മെയിലിൽ അപേക്ഷിക്കാവുന്നതാണ്. ഫോൺ: 9446218943.

Advertisement
Advertisement