കോന്നി മെഡിക്കൽ കോളേജിൽ ഈ സർക്കാരിന്റെ കാലത്തുതന്നെ പിജി കോഴ്‌സ് ആരംഭിക്കും: മന്ത്രി

Wednesday 16 November 2022 12:28 AM IST
കോന്നി മെഡിക്കൽ കോളേജിലെ ആദ്യ ബാച്ച് എം.ബി.ബി.എസ് വിദ്യാർത്ഥികളുടെ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം മന്ത്രി വീണാജോർജ് നി​ർവഹി​ക്കുന്നു

കോന്നി : ഗവ.മെഡിക്കൽ കോളേജിൽ പി.ജി കോഴ്‌സ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. മെഡിക്കൽ കോളേജിലെ ആദ്യ ബാച്ച് എം.ബി.ബി.എസ് വിദ്യാർത്ഥികളുടെ പ്രവേശനോത്സവത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഈ വർഷം എം.ബി.ബി.എസ് ക്ലാസ് ആരംഭിക്കുന്നതിലൂടെ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ മെഡിക്കൽ കോളേജിനെ പോസ്റ്റ് ഗ്രാജുവേഷൻ നിലവാരത്തിലേക്ക് ഉയർത്താൻ സാധിക്കും. ഒത്തൊരുമയോടെയുള്ള പ്രവർത്തനഫലമായാണ് നാടിന് ഈ നേട്ടം കൈവരിക്കാൻ സാധിച്ചതെന്നും മന്ത്രി പറഞ്ഞു. തൊഴിൽ എന്നതിനപ്പുറം സാമൂഹ്യ സേവനമാണ് ആരോഗ്യരംഗമെന്നും മന്ത്രി വിദ്യാർത്ഥികളോട് പറഞ്ഞു.
വിദ്യാർത്ഥികളുടെ ഹോസ്റ്റൽ നിർമ്മാണം ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് അദ്ധ്യക്ഷത വഹിച്ച അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.
ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ മുഖ്യപ്രഭാഷണം നടത്തി. ആദ്യ ബാച്ചിൽ പ്രവേശനം നേടിയ 79 വിദ്യാർത്ഥികളെ ആശുപത്രി കവാടത്തിൽ മന്ത്രിയും എം.എൽ.എയും കളക്ടറും അടങ്ങുന്ന സംഘം സ്വീകരിച്ചു. ഇനി രണ്ട് അലോട്‌മെന്റുകൾ കൂടി നടക്കാനുണ്ട്. കോന്നി മെഡിക്കൽ കോളേജിൽ 100 സീറ്റാണ് അനുവദിച്ചത്.
അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.ആശാ തോമസ്, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ, കോന്നി ഗവ.മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.മറിയം വർക്കി,ഡി.എം.ഇ സ്‌പെഷ്യൽ ഓഫീസർ ഡോ.അബ്ദുൾ റഷീദ്, മെഡിക്കൽ സൂപ്രണ്ട് ഡോ.സി.വി. രാജേന്ദ്രൻ, എൻ.എച്ച്.എം ജില്ലാ പ്രോഗ്രം മാനേജർ ഡോ.എസ്.ശ്രീകുമാർ, മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സെസി ജോബ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement