ഗവർണറെ കേന്ദ്രം ആയുധമാക്കുന്നു: യെച്ചൂരി

Wednesday 16 November 2022 12:44 AM IST

തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ അധികാരത്തിനുമേൽ കടന്നുകയറി ഉന്നത വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലൊതുക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഗവർണറെ കേന്ദ്ര സർക്കാർ രാഷ്ട്രീയായുധമാക്കുന്ന അസാധാരണ സാഹചര്യമാണ് കേരളത്തിൽ. പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം സമാനസ്ഥിതിയാണ്.

കേരളത്തിലെ സർവകലാശാലകളെ തകർക്കാനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയവസാനിപ്പിക്കുക എന്ന മുദ്രാവാക്യവുമായി ഇടതുമുന്നണിയുടെ പിന്തുണയോടെ ഉന്നത വിദ്യാഭ്യാസ സംരക്ഷണസമിതി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി. കേന്ദ്രത്തിനൊപ്പം സംസ്ഥാനങ്ങൾക്കും തുല്യാവകാശമുള്ള സമവർത്തി പട്ടികയിലുൾപ്പെടുന്നതാണ് വിദ്യാഭ്യാസം. അവിടെയാണ് സംസ്ഥാനങ്ങളെ കേൾക്കാതെ വിദ്യാഭ്യാസമേഖലയെയാകെ കൈപ്പിടിയിലാക്കാൻ കേന്ദ്രം ശ്രമിക്കുന്നത്.

പാർലമെന്റ് പാസാക്കിയതാണെങ്കിലും സംസ്ഥാന നിയമസഭകൾ നേരിട്ട് നിർമ്മിച്ച നിയമങ്ങളുടെ കീഴെ മാത്രം വരുന്ന സബോർഡിനേറ്റ് ലെജിസ്ലേഷനാണ് യു.ജി.സി മാർഗനിർദ്ദേശങ്ങൾ. എന്നാൽ സംസ്ഥാന നിയമസഭ പാസാക്കുന്ന പൂർണനിയമത്തെക്കാൾ മുകളിലാണിതെന്ന് വരുത്തിയാണ് ഉന്നതവിദ്യാഭ്യാസത്തിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നത്.

സർവകലാശാലകൾ മാനവികതയ്ക്കും സഹിഷ്ണുതയ്ക്കും ശാസ്ത്രീയവും വൈവിദ്ധ്യമാർന്നതുമായ ആശയസ്വീകാര്യത്തിനുമായി നിലകൊള്ളണമെന്നാണ് 1948ൽ രാഷ്ട്രത്തിന്റെ നയമായി ജവഹർലാൽ നെഹ്റു പ്രഖ്യാപിച്ചത്. എന്നാൽ, ആർ.എസ്.എസിന് ഹിന്ദുത്വ എന്ന ഒറ്റ ആശയമേയുള്ളൂ. കേന്ദ്ര സർവകലാശാലകളിലും അലിഗഡിലുമൊക്കെ അവരുടെ അജൻഡ നടപ്പാക്കിക്കഴിഞ്ഞു. കേരളത്തിലെ സർവകലാശാലകളാണ് അവർക്ക് വിലങ്ങു തടിയായുള്ളത്.

സമവർത്തിപട്ടികയിലുള്ള വിഷയങ്ങളിൽ ആദ്യം സംസ്ഥാനങ്ങളുമായി ചർച്ച നടത്തണമെന്ന് പൂഞ്ചി കമ്മിഷൻ റിപ്പോർട്ട് പറയുന്നുണ്ട്. മൻമോഹൻസിംഗ് സർക്കാരിന്റെ കാലത്ത് പാർലമെന്റ് അംഗീകരിച്ചതാണിത്. എന്നാൽ കൊവിഡ് മഹാമാരിയുടെ സൗകര്യം മറയാക്കി ആരുമായും ചർച്ച ചെയ്യാതെ കേന്ദ്രം വിദ്യാഭ്യാസനയം കൊണ്ടുവന്നു. മതേതര ഇന്ത്യയെ ഫാസിസ്റ്റ് സംവിധാനമാക്കാനാണ് വിദ്യാഭ്യാസ നയത്തിലൂടെ കേന്ദ്രം ശ്രമിക്കുന്നത്. സംരക്ഷണസമിതി കൺവീനർ ഡോ.ബി. ഇക്ബാൽ അദ്ധ്യക്ഷത വഹിച്ചു.

Advertisement
Advertisement