പ്രൊഫ. മാവേലിക്കര പി.സുബ്രഹ്മണ്യം അന്തരിച്ചു

Tuesday 15 November 2022 11:16 PM IST

തൃപ്പൂണിത്തുറ: പ്രശസ്ത കർണാടക സംഗീതജ്ഞൻ പ്രൊഫ. മാവേലിക്കര പി. സുബ്രഹ്മണ്യം (66) അന്തരിച്ചു. എരൂർ പിഷാരിക്കാവ് ദേവീ ക്ഷേത്രത്തിനടുത്തുള്ള 'ശിവശക്തി'യിൽ ഇന്നലെയായിരുന്നു അന്ത്യം. മരിച്ചു കഴിഞ്ഞാൽ മതപരമായ ചടങ്ങുകൾ പാടില്ലെന്നും മൃതദേഹം എറണാകുളം മെഡിക്കൽ കോളേജിന് കൈമാറണമെന്നും അദ്ദേഹം നേരത്തെ എഴുതി വച്ചിരുന്നു. അതിനാൽ ഇന്നു രാവിലെ 11ന് മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

സംഗീതജ്ഞരായ പദ്മനാഭ അയ്യർ, മാവേലിക്കര പൊന്നമ്മാൾ ദമ്പതികളുടെ ഏക പുത്രനായി തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ് ജനനം. മാതാവാണ് സംഗീതത്തിൽ ആദ്യ ഗുരു. പ്രശസ്ത സംഗീതജ്ഞൻ മാവേലിക്കര രാമനാഥന്റെ മരുമകനാണ്. മാവേലിക്കര ആർ.പ്രഭാകര വർമ്മ, കുമാര കേരളവർമ്മ എന്നിവരുടെ ശിഷ്യനായി സംഗീതത്തിൽ ഉയരങ്ങൾ കീഴടക്കിയ അദ്ദേഹം ആകാശവാണി ബി ഹൈ ആർട്ടിസ്റ്റായിരുന്നു.

മദ്രാസ് ടി.വി. ജയചന്ദ്രൻ, കെസ്റ്റർ, വൈക്കം വിജയലക്ഷ്മി, വി.ഗോപീകൃഷ്ണൻ, ലേഖ ആർ. നായർ, ചിത്ര അരുൺ, സുദീപ് കുമാർ, വിജീഷ് തുടങ്ങിയ പ്രമുഖ സംഗീതജ്ഞർ ശിഷ്യരാണ്. നിരവധി സംഗീത കൃതികളുടെ കർത്താവായ അദ്ദേഹം ജയപ്രകാശ കൃതികൾ ചിട്ടപ്പെടുത്തി പ്രചരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു.

കേരള സംഗീത നാടക അക്കാഡമി അവാർഡ്, അക്കാഡമി ഫെലോഷിപ്പ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസമാണ് പൂർണത്രയീ ഫൗണ്ടേഷന്റെ സംഗീത പൂർണശ്രീ പുരസ്കാരം ലഭിച്ചത്. ഭാര്യ: ധനലക്ഷ്മി. മക്കൾ: ഹരിശങ്കർ, രവിശങ്കർ.