ഗവർണർക്കെതിരെ പ്രതിഷേധം, ചരിത്രമായി രാജ്ഭവൻ മാർച്ച്

Wednesday 16 November 2022 1:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഗവർണർക്കെതിരെ ലക്ഷംപേരെ അണിനിരത്തി

എൽ.ഡി എഫ് പിന്തുണയോടെ ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ചരിത്രമായി. സാധാരണ കേന്ദ്ര സർക്കാരിനെതിരെയുള്ള സമരങ്ങൾക്കാണ് രാജ്ഭവൻ പരിസരം വേദിയാകുന്നത്. ഇന്നലെ ആദ്യമായി ഗവർണർക്കെതിരെയുള്ള പ്രതിഷേധ സ്വരം ഉയർന്നു. കേരളത്തിലെ സർവകലാശാലകളെ തകർക്കാനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു മാർച്ച്.

ഗവർണർക്കെതിരെ മാത്രമല്ല, കേന്ദ്ര സർക്കാരിനും ആർ.എസ്.എസിനുമൊക്കെ എതിരെ രൂക്ഷമായ വിമർശനമാണ് നേതാക്കൾ ഉയർത്തിയത്. ഇത് ഇന്ത്യക്കു വേണ്ടിയുള്ള വലിയ പോരാട്ടമാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

മ്യൂസിയം പൊലീസ് സ്റ്റേഷനുമുന്നിൽ നിന്നാണ് മാർച്ച് തുടങ്ങിയത്. രാവിലെ 11ന് തുടങ്ങിയ പ്രതിഷേധം ഒരു മണിയോടെയാണ് അവസാനിച്ചത്. മാർച്ചിനെത്തുടർന്ന് കനത്ത പൊലീസ് സുരക്ഷയാണ് രാജ്ഭവനിൽ ഏർപ്പെടുത്തിയിരുന്നത്.

ഡോ.ബി.ഇക്‌ബാൽ അദ്ധ്യക്ഷനായി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ഡി.എം.കെ രാജ്യസഭാ നേതാവ് തിരുച്ചി ശിവ എം.പി, കേരളാ കോൺഗ്രസ് ചെയർമാൻ ജോസ് കെ. മാണി, എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ, കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രൻ, ജനതാദൾ എസ് നേതാവ് മാത്യു ടി. തോമസ്, എൽ.ജെ.ഡി നേതാവ് വർഗീസ് ജോർജ്, ബിനോയ് തോമസ്, ആനാവൂർ നാഗപ്പൻ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ ആസ്ഥാനങ്ങളിൽ നടന്ന പ്രതിഷേധ കൂട്ടായ്മകളിലും പതിനായിരങ്ങൾ പങ്കെടുത്തു.

Advertisement
Advertisement