മാനവികത വീണ്ടെടുക്കണം: വിദ്യുത് ചക്രവർത്തി

Wednesday 16 November 2022 1:04 AM IST

ശിവഗിരി: മാനവികത നഷ്ടമായിക്കൊണ്ടിരിക്കുന്ന വർത്തമാന കാലത്ത് അതിനെ എങ്ങനെ പുനരുജ്ജീവിപ്പിക്കാമെന്ന ചിന്തയാണ് പരമ പ്രധാനമെന്ന് വിശ്വഭാരതി കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസലർ വിദ്യുത് ചക്രവർത്തി. ഇതിനുതകുന്ന ചിന്താധാരയാണ് ശ്രീനാരായണ ഗുരുദേവനും രവീന്ദ്രനാഥ ടാഗോറും പകർന്നു തന്നതെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനാരായണ ഗുരുദേവൻ - രവീന്ദ്രനാഥ ടാഗോർ സമാഗമ ശതാബ്ദി സമ്മേളനം ശിവഗിരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു വിദ്യുത് ചക്രവർത്തി. പല വിധത്തിലുളള സാദൃശ്യങ്ങളാണ് ഈ രണ്ട് മഹാത്മാക്കൾക്കുമുളളത്. ഗുരുദേവന്റെ ഏറ്റവും മഹത്തായ സന്ദേശമായിരുന്നു 'ഒരു ജാതി ഒരു മതം ഒരു ദൈവം' . സമാനമായിട്ടാണ് ടാഗോറും ചിന്തിച്ചിരുന്നത്. വിശ്വഭാരതി ആരംഭിച്ചപ്പോൾ ഇത്തരം ആശയങ്ങൾ ടാഗോർ അവിടെ പ്രാവർത്തികമാക്കി. മതപരമായും സാംസ്കാരികമായും ഭൂമി ശാസ്ത്രപരമായും വ്യത്യസ്തത പുലർത്തുന്നവരാണ് വിശ്വഭാരതിയിൽ ഒരുമിച്ച് കഴിയുന്നത്.

മനുഷ്യ സമൂഹത്തിന്റെ നിലനിൽപിന് നൈപുണ്യ പരിശീലനത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞതിനാലാണ് വിശ്വഭാരതിയിൽ ഔപചാരിക വിദ്യാഭ്യാസത്തിനു പുറമെ, തൊഴിൽ മേഖലകളിലും പരിശീലനം നൽകിയത്. തന്റെ മക്കളിലൊരാളെ അമേരിക്കയിൽ കൃഷിയിൽ ഉന്നത പഠനം നൽകി വിശ്വഭാരതിയിൽ പരിശീലകനായി നിയോഗിച്ചു.

വിശ്വഭാരതിയുടെ തുടക്കവുമായി ബന്ധപ്പെട്ട് മനസ് ഏറെ അസ്വസ്ഥമായിരുന്ന ഘട്ടത്തിലാണ് അദ്ദേഹം തിരുവിതാംകൂറിലെത്തിയത്. ശ്രീനാരായണ ഗുരുദേവനെ സന്ദർശിച്ച നിമിഷത്തിൽ നയനങ്ങളിലൂടെയാണ് ഇരുവരും ആശയ വിനിമയം നടത്തിയത്.

സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം മതത്തിന്റെയും ജാതിയുടെയും സംസ്കാരത്തിന്റെയും പേരിൽ സമൂഹം വിഭജിക്കപ്പെടുന്നു.ഈ ഘട്ടത്തിലാണ് ഗുരുദേവന്റെയും ടാഗോറിന്റെയും ചിന്തകൾക്ക് പ്രസക്തിയേറുന്നതെന്നും വിദ്യുത് ചക്രവർത്തി ചൂണ്ടിക്കാട്ടി.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. മന്ത്രി പി.പ്രസാദ്, ചീഫ്സെക്രട്ടറി വി.പി.ജോയി, കാലടി സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസിലർ ഡോ.കെ.എസ്.രാധാകൃഷൻ, കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് എസ്.ജോസഫ്, വർക്കല മുനിസിപ്പൽ ചെയർമാൻ കെ.എം.ലാജി എന്നിവർ സംസാരിച്ചു.

സ്വാമി സച്ചിദാനന്ദ രചിച്ച ടാഗോർ ഗുരുസന്നിധിയിൽ എന്ന പുസ്തകം വിദ്യുത് ചക്രവർത്തി വി.പി ജോയിക്കു നൽകി പ്രകാശനം ചെയ്തു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ സ്വാഗതവും ,ട്രഷറർ സ്വാമി ശാരദാനന്ദ നന്ദിയും പറ‌ഞ്ഞു.

Advertisement
Advertisement