'കെ സുധാകരൻ രാജി വയ്ക്കില്ല, അദ്ദേഹത്തിന് എല്ലാവരുടെയും പിന്തുണയുണ്ട്'; തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വി ഡി സതീശൻ

Wednesday 16 November 2022 11:42 AM IST

പറവൂർ: കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രാജിസന്നദ്ധത അറിയിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാജി സന്നദ്ധത അറിയിച്ചു എന്ന വാർത്ത പച്ചക്കള്ളമാണെന്നും കോൺഗ്രസിൽ ഒരു അഭിപ്രായ ഭിന്നതയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

'കെ സുധാകരന്റെ വിശദീകരണം പാർട്ടി സ്വീകരിക്കും. സുധാകരന് എല്ലാവരുടെയും പിന്തുണയുണ്ട്. നാക്കുപിഴ സംഭവിച്ചതാണെന്ന് അദ്ദേഹം പറഞ്ഞത് കേന്ദ്ര നേതൃത്വം ഉൾപ്പെടെ അംഗീകരിച്ചതാണ്. സർക്കാരിനെതിരായ സമരങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ഈ തെറ്റായ വാർത്തകർ പ്രചരിപ്പിക്കുന്നത്.'- വി‌ഡി സതീശൻ പറഞ്ഞു.

അതേസമയം, കെ സുധാകരന്റെ ആർഎസ്എസ് അനുകൂല പ്രസ്താവന ചർച്ച ചെയ്യാൻ നാളെ കൊച്ചിയിൽ ചേരാനിരുന്ന കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റി. സുധാകരൻ ചികിത്സയിലായതിനാലാണ് യോഗം മാറ്റിയതെന്നാണ് വിശദീകരണം.