ഹീറോയിനെ അന്വേഷിച്ച് നടക്കുന്നു, ഞാനിവിടെ ഇല്ലേ എന്ന് ഒരിക്കൽ മീനൂട്ടി ചോദിച്ചു, പിന്നെ മറ്റൊരു കാര്യം കൂടി ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി ദിലീപിന്റെ സഹോദരൻ

Wednesday 16 November 2022 11:59 AM IST

താരങ്ങൾക്ക് പിന്നാലെ അവരുടെ മക്കളും സിനിമയിലേക്ക് വരാറുണ്ട്. അത്തരത്തിൽ ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, ഗോകുൽ സുരേഷ്, കീർത്തി സുരേഷ് തുടങ്ങി നിരവധി പേർ സിനിമയിൽ എത്തിയിട്ടുണ്ട്. ഇതുപോലെ ദിലീപിന്റെ മകൾ മീനാക്ഷി സിനിമയിലേക്ക് വരുമോയെന്ന് ആരാധകർ കാലങ്ങളായി ചോദിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ ഈ ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് ദിലീപിന്റെ സഹോദരനും സംവിധായകനുമായ അനൂപ്.

മീനാക്ഷി സിനിമയിൽ വരാൻ ചാൻസുണ്ടോ എന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അവൾ ആദ്യം ഡോക്ടറാകട്ടെ, അത് കഴിഞ്ഞിട്ട് തീരുമാനിക്കാം. ഇതുവരെ അവൾ അഭിനയിക്കണമെന്ന ആഗ്രഹം പറഞ്ഞിട്ടില്ല. ഹീറോയിനെ അന്വേഷിച്ച് നടക്കുന്നു ഞാനിവിടെ ഇല്ലേ എന്ന് ഒരിക്കൽ പറഞ്ഞിരുന്നു. അതുംപറഞ്ഞ് അങ്ങട് ചെന്നാൽ എന്നെ ചേട്ടൻ ഓടിക്കുമെന്നും അനൂപ് പറയുന്നു.

മീനാക്ഷി മിനികൂപ്പർ ആവശ്യപ്പെട്ടതിനെക്കുറിച്ചും അനൂപ് വെളിപ്പെടുത്തി. 'മീനൂട്ടി നമ്മുടെ കൈകളിൽ കിടന്ന് വളർന്നവളല്ലേ. അത്രയും അടുത്തയാളാണ്. എംബിബിഎസ് ഇനി ഒരു വർഷം കൂടിയേയുള്ളൂ. അത്യാവശം കാര്യങ്ങളൊക്കെ വന്ന് എന്നോട് പറയാറുണ്ട്. അങ്ങനെയൊരു മിനികൂപ്പർ അവൾക്ക് കിട്ടിയിട്ടുണ്ട്. അവൾ ഇല്ലാത്ത സമയത്ത് ചേട്ടൻ തന്നെയാണ് അത് കൊണ്ടുനടക്കുന്നത്. അവൾ എപ്പോൾ എയർപോർട്ടിൽ വരുന്നോ വണ്ടിയുമായി ചെല്ലണം. ഭയങ്കര സ്പീഡ് ആണ്. നന്നായി ഓടിക്കും.' - അനൂപ് പറഞ്ഞു.