ജീവനക്കാർക്കായി നഗരസഭയിൽ ലൈബ്രറി

Thursday 17 November 2022 3:34 AM IST

കൊച്ചി: നഗരസഭയിലെ ജീവനക്കാർക്ക് ഇനി ഇഷ്‌ടപുസ്‌തകങ്ങൾ ഒത്തിരിയൊത്തിരി വായിക്കാം. കോർപ്പറേഷൻ ഓഫീസ് വരാന്തയിൽ തന്നെ ലൈബ്രറിയുണ്ട്. അംഗത്വം വേണ്ട. ഫീസും അടയ്‌ക്കേണ്ട. ലൈബ്രേറിയനുമില്ല.

വേറിട്ട പ്രവർത്തനരീതി കൊണ്ട് ഹിറ്റാകുകയാണ് കൊച്ചി കോർപ്പറേഷനിലെ 'സംസ്‌കൃതി" ഓപ്പൺ ലൈബ്രറി. കോർപ്പറേഷൻ ജീവനക്കാരുടെ സാംസ്‌കാരിക കൂട്ടായ്മയായ സംസ്‌കൃതിയുടെ നേതൃത്വത്തിലാണിത് ആരംരംഭിച്ചത്. ജീവനക്കാരിൽ വായനാശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ലൈബ്രറിയിൽ നിലവിൽ 330 പുസ്തകങ്ങളാണുള്ളത്.

ജീവനക്കാരിൽ നിന്ന് ലൈബ്രറിക്ക് സമ്മാനമായി ലഭിച്ചതാണ് പുസ്തകളിലേറെയും. ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങളാണുള്ളത്. ഏറെയും നോവലുകളാണ്. ലൈബ്രറിയേന്റെ ചുമതല നിർവഹിക്കുന്നത് പുസ്തകമെടുക്കുന്നവർ തന്നെയാണ്. പുസ്തകം എടുക്കുമ്പോഴും തിരികെ വയ്ക്കുമ്പോഴും ജീവനക്കാർ ലൈബ്രറിയിലെ രജിസ്റ്ററിൽ തീയതിയും ഫോൺനമ്പറും മറ്റും രേഖപ്പെടുത്തണം. പ്രവൃത്തിദിവസങ്ങളിൽ ഏതുസമയത്തും ജീവനക്കാർക്ക് സംസ്‌കൃതിയിൽ നിന്ന് പുസ്തകമെടുക്കാം. 15 ദിവസത്തിനകം തിരികെ നൽകണം. ആവശ്യമുള്ള പക്ഷം രജിസ്റ്ററിൽ വീണ്ടും രേഖപ്പെടുത്തി 15 ദിവസം കൂടി പുസ്തകം കൈവശം വയ്ക്കാം.

പുസ്തക വായനയ്ക്കായി വായനക്കൂട്ടവും ആരംഭിക്കാനുള്ള ശ്രമത്തിലാണ് സംസ്‌കൃതി. 400 ഓളം ജീവനക്കാരാണ് കൊച്ചി കോർപ്പറേഷനിലുള്ളത്.

Advertisement
Advertisement