സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്; പണവും മദ്യവും പിടികൂടി

Wednesday 16 November 2022 9:07 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന തുടരുന്നു. പരിശോധനയിൽ കെെക്കൂലി പണവുമായി ഏജന്റുമാരെ വിജിലൻസ് പിടികൂടി. ഓപ്പറേഷൻ പഞ്ച് കിരണിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വിവിധ ജില്ലകളിൽ നിന്നായി 1.5 ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. മലപ്പുറത്ത് 30,​000 രൂപയും കോഴിക്കോട് ചാത്തമംഗലം സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് 21,​000 രൂപയും കണ്ടെത്തി. ആധാരം രജിസ്റ്റ‌ർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ വ്യാപകമായി പണം വാങ്ങുന്നുവെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. തിരഞ്ഞെടുത്ത 76 ഓഫീസുകളിൽ വിജിലൻസ് ഡയറക്ടർ മനോജ് എബ്രാഹമിന്റെ നിർദ്ദേശ പ്രകാരമാണ് പരിശോധന.

മട്ടാ‌ഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് 6,​240 രൂപയ്ക്ക് പുറമേ ഒരു കുപ്പി വിദേശമദ്യവും പിടികൂടി. ആലപ്പുഴയിൽ വിജിലൻസ് ഉദ്യോഗസ്ഥരെ കണ്ട സബ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാർ കെെക്കൂലിപ്പണം പുറത്തേക്ക് വലിച്ചെറിഞ്ഞതായും പരിശോധനയിൽ കണ്ടെത്തി. ഗൂഗിൾ പേയുൾപ്പെടെ യു പി ഐ വഴിയും ഓൺലെെനായും ഏജന്റുമാർ കെെക്കൂലി കെെപറ്റ‌ിയശേഷം ഉദ്യോഗസ്ഥർക്ക് നൽകുന്നുണ്ടോയെന്ന് പരിശോധിക്കാനും വിജിലൻസ് തീരുമാനിച്ചിട്ടുണ്ട്.