ശസ്ത്രക്രിയ വിദഗ്ദ്ധൻ 88ലും കളിയരങ്ങിലെ കുചേലൻ , കഥകളി സപര്യയ്ക്ക് 45 വയസ്

Thursday 17 November 2022 4:00 AM IST

കൊച്ചി: ഡോക്ടർ എന്നാണോ കഥകളി നടനെന്നാണോ സഭാപതിയെ കാലം രേഖപ്പെടുത്തുക? അറിയപ്പെടുന്ന ശസ്ത്രക്രിയ വിദഗ്ദ്ധനായ സഭാപതി 88-ാം വയസിലും ഗുരുവായൂരപ്പനു മുന്നിൽ കഥകളിയിലെ കുചേലവേഷം കെട്ടിയാടാൻ ഒരുങ്ങുകയാണ്. 45 വർഷമായി കഥകളി നടനായി പേരെടുത്ത സഭാപതി തുടർച്ചയായ 34-ാം വർഷമാണ് ഗുരുവായൂരപ്പനുമുന്നിൽ എത്തുന്നത്.

പാലക്കാട് അയ്‌ലൂരിൽ ജനിച്ച സഭാപതി 1955ലാണ് മണിപ്പാലിൽ മെഡിക്കൽ പഠനത്തിനു ചേർന്നത്. 1965ൽ പള്ളുരുത്തി ജനറൽ ആശുപത്രിയിൽ ജനറൽ സർജനായി. 67ൽ എറണാകുളത്ത് കൃഷ്ണ ആശുപത്രി സ്ഥാപിച്ചു. സ്‌പെഷ്യലൈസേഷൻ ഇല്ലാതിരുന്ന 1970- 75 കാലത്ത് കൊച്ചിയിൽ നിരവധി ആശുപത്രികളിൽ ശസ്ത്രക്രിയാ വിദഗ്ദ്ധനായിരുന്നു സഭാപതി. നിയമവിദഗ്ദ്ധനായിരുന്ന അച്ഛൻ കൃഷ്ണയ്യരിൽ നിന്നാണ് കഥകളിക്കമ്പം കിട്ടിയത്. 1977മുതൽ കഥകളി പഠിക്കുന്നു. കലാനിലയം വാസുദേവൻ, കലാമണ്ഡലം ശ്രീകണ്ഠൻ നായർ എന്നിവരായിരുന്നു ആദ്യകാല ഗുരുക്കന്മാർ.

എറണാകുളം ചിറ്റൂർ റോഡിലെ കൃഷ്ണ ആശുപത്രിയുടെ മുകൾ നിലയിലാണ് കുടുംബവുമൊത്ത് താമസം. മൂന്നുവട്ടം കൊവിഡ് വന്നതോടെ ആശുപത്രിയിലേക്ക് പോകാറില്ലെങ്കിലും കഥകളി പരിശീലനത്തിന് മുടക്കമില്ല. സദനം വിജയനാണ് ഇപ്പോൾ ഗുരു. ശനി, ഞായർ ദിവസങ്ങളിൽ പഠനം. സദനം കൃഷ്ണൻകുട്ടിയടക്കം പെരുമയുള്ളവർക്കൊപ്പം വേദി പങ്കിട്ട സഭാപതിക്ക് കലാമണ്ഡലം ഗോപിയാശാനുമായി ദീർഘനാളത്തെ സൗഹൃദമുണ്ട്.

ഇഷ്ടം കുചേല വേഷം
കത്തിയിലും താടിയിലും മിനുക്കിലുമൊക്കെയായി നിരവധി വേഷങ്ങൾ കെട്ടുമെങ്കിലും ഇഷ്ടം കുചേലവേഷമാണ്. രണ്ടര മണിക്കൂറിലേറെ നീളുന്ന കുചേലവൃത്തമായാലും സപ്താഹകേന്ദ്രങ്ങളിലെ 10 മിനിട്ട് മാത്രമുള്ള ദ്വാരകയാത്രയാണെങ്കിലും സഭാപതി നിറമനസോടെ ഏറ്റെടുക്കും. പ്രതിഫലം വാങ്ങില്ല. അരങ്ങിലെത്തുന്നത് ഇഷ്ടദേവനുള്ള അർച്ചനയാണ് സഭാപതിക്ക്.

പഠനം മരുമകൾക്കൊപ്പം
സഭാപതിക്കൊപ്പം മകന്റെ ഭാര്യ ചിത്രയും കഥകളി അഭ്യസിക്കുന്നുണ്ട്. കഥകളിയാകും ഒഴിവു സമയങ്ങളിൽ ഇരുവരുടെയും ചർച്ചാവിഷയം. പുലർച്ചെ 5.30ന് ഉണരും. മട്ടുപ്പാവ് കൃഷി പരിപാലനവും പത്രവായനയും പൂജയും നിർബന്ധം. ആഴ്ചയിൽ മൂന്നു ദിവസം യോഗ പരിശീലനം. പരേതയായ പച്ചൈ നായകിയാണ് ഭാര്യ. ഡോ. കൃഷ്ണൻ, ഡോ. രാമസ്വാമി, ഡോ. ചിത്ര എന്നിവർ മക്കൾ.

Advertisement
Advertisement