ഗുരുതരമായ സാഹചര്യമില്ലെന്ന് കോഴിക്കോട് ഡി.എം.ഒ പനിപ്പേടിയിൽ വീണ്ടും...

Thursday 17 November 2022 12:14 AM IST
കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിലെ തിരക്ക്

കോഴിക്കോട്: നിപയും കൊവിഡും ഭീതിപരത്തിയ കോഴിക്കോട് വീണ്ടും പനിപ്പേടിയിൽ. മെഡിക്കൽകോളജടക്കം ജില്ലയിലെ ആശുപത്രികളിലെല്ലാം വിവിധങ്ങളായ പകർച്ചപ്പനിയുമായി നിരവധി പേരാണ് ചികിത്സയിലുള്ളത്. അതേസമയം, സംസ്ഥാനത്തെ മൊത്തം പനിക്കണക്കെടുക്കുമ്പോൾ കോഴിക്കോട്ട് കുറവാണെന്നാണ് അധികൃതരുടെ വിശദീകരണം. പകർച്ചപ്പനി നിരവധിയായി റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും കോഴിക്കോട്ട് മാരകമായ പനികളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഡി.എം.ഒ. വി.ഉമർഫാറൂഖ് പറഞ്ഞു. കഴിഞ്ഞദിവസം സംസ്ഥാനതലത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗമുണ്ടായിരുന്നു. ഓരോ ജില്ലയിലെയും പനിക്കണക്കുകൾ വിശദമായി പരിശോധിച്ചു. കണക്കുകളും റിപ്പോർട്ട് ചെയ്തു. ആശുപത്രികളിൽ രോഗികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ഗുരുതരമായ സ്ഥിതിവിശേഷം ഇവിടെയില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം ഇങ്ങനെയാണെങ്കിലും 15വയസിന് താഴെയുള്ള കുട്ടികളിൽ ഭീതിദമായ രീതിയിൽ പകർച്ചപ്പനി വർദ്ധിക്കുന്നുണ്ടെന്നാണ് ആശുപത്രികൾ നൽകുന്ന വിവരം. സ്‌കൂളുകളിൽ പനി കാരണം കുട്ടികളുടെ ഹാജർനില കുറവാണ്. കോവിഡാനന്തരം പുനരാരംഭിച്ച കലോത്സവങ്ങളേയും കുട്ടികളുടെ പകർച്ചപ്പനി ബാധിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് എല്ലാവരും മാസ്‌ക് വെച്ചുനടന്നപ്പോൾ കൊവിഡിനപ്പുറത്തെ പകർച്ചപ്പനികൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് കുറവായിരുന്നു. എന്നാൽ മാസ്‌കിന് നിയന്ത്രണം ഇല്ലാതായതോടെ പനിക്കണക്കുകൾ കൂടി. കുട്ടികൾ സ്‌കൂളുകളിൽ മാസ്‌ക് ധരിച്ച് വരുന്നുണ്ടെങ്കിലും പൊതു ഇടങ്ങളിൽ പ്രത്യേകിച്ച് ആശുപത്രികളിൽപോലും മാസ്‌ക് നിയന്ത്രണമില്ലാതായതാണ് രോഗവ്യാപനത്തിന് കാരണമാവുന്നതെന്നാണ് പൊതു വിലയിരുത്തൽ. ജില്ലയിൽ ബീച്ച് ഗവ.ആശുപത്രി, വടകര, കൊയിലാണ്ടി, പേരാമ്പ്ര, നാദാപുരം, കുറ്റ്യാടി ആശുപത്രികളിലെല്ലാം പനിബാധിച്ചെത്തുന്നവരുടെ എണ്ണം കൂടുതലാണ്.

ഒന്നുകിൽ മാസ്‌ക് നിർബന്ധമാക്കണം,

അല്ലെങ്കിൽ എടുത്തുകളയണം


കോഴിക്കോട്: സർക്കാർ ഇതുവരെ മാസ്‌ക് നിയന്ത്രണം ഒഴിവാക്കിയിട്ടില്ല. പക്ഷെ ഒരിടത്തും ആരും മാസ്‌ക് ഉപയോഗിക്കുന്നില്ല. അതുതന്നെയാണ് ക്രമാതീതമായി പനി പടരാൻ ഇടയാക്കുന്നതെന്ന് നഗരത്തിലെ വിദ്യാർത്ഥിയുടെ രക്ഷിതാവ് ഗിരീഷ്‌കുമാർ പറയുന്നു. മൂന്നുതവണയാണ് ഒരുമാസത്തിനുള്ളിൽ തന്റെ മകന് പനി വന്നത്. ഒന്നും ഗുരുതരമല്ല. പക്ഷെ ആഴ്ചകളോളം ക്ലാസുകൾ നഷ്ടപ്പെട്ടു. സ്‌കൂളിൽ സഹപാഠികളെല്ലാം മാസ്‌ക് ഉപയോഗിക്കുന്നുണ്ട്. പക്ഷെ പുറത്ത് എല്ലാവരും സ്വതന്ത്രരായി നടക്കുമ്പോൾ എങ്ങിനെയാണ് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടതെന്നാണ് ഗിരീഷ് കുമാറിന്റെ ചോദ്യം.

Advertisement
Advertisement