പശ്ചിമഘട്ട നീർത്തടങ്ങൾ ഭൂപടത്തിലേക്ക്

Thursday 17 November 2022 1:09 AM IST

കൊല്ലം: പശ്ചിമഘട്ട മേഖലയിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളിലെ നീർത്തടങ്ങളുടെ വിവരങ്ങൾ ഭൂപടത്തിലാക്കുന്ന പദ്ധതിയുടെ ഭാഗമായി തെന്മല, ഏരൂർ, അലയമൺ ഗ്രാമപഞ്ചായത്തുകളിൽ ഭൂപട ചിത്രീകരണം പൂർത്തിയായി. കിഴക്കൻ മേഖലയിലെ ഏഴ് പഞ്ചായത്തുകളെയാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്നും കുളത്തൂപ്പുഴ, ആര്യങ്കാവ്, ചിതറ, പിറവന്തൂർ പഞ്ചായത്തുകളിൽ വരും ദിവസങ്ങളിൽ ഭൂപടചിത്രീകരണം നടത്തുമെന്നും ഹരിത കേരളം മിഷൻ റിസോഴ്‌സ്‌ പേഴ്‌സൺ സ്മിത പറഞ്ഞു.

പശ്ചിമഘട്ട മേഖലയിലെ എല്ലാ പഞ്ചായത്തുകളിലെയും മുഴുവൻ നീർച്ചാലുകളും കണ്ടെത്തി ഡിജിറ്റൽ ഭൂപടം തയാറാക്കുകയാണ് ആദ്യഘട്ടം. ആവാസവ്യവസ്ഥയ്ക്ക് തടസമാകാതെ ദുരന്തപ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും നീർത്തടങ്ങൾ വീണ്ടെടുക്കുന്നതിനൊപ്പം പശ്ചിമഘട്ടമേഖലകളിലെ ജനജീവിതം സുരക്ഷിതമാക്കുകയുമാണ് ലക്ഷ്യം. ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ തദ്ദേശസ്ഥാപനങ്ങളുടെയും ഐ.ടി മിഷന്റെയും സഹകരണത്തോടെ സംസ്ഥാനത്ത് 230 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

Advertisement
Advertisement