ഫുട്ബാൾ ആരാധകരുടെ ആവേശം ഓട്ടോ ചന്ദ്രൻ അന്തരിച്ചു

Thursday 17 November 2022 2:49 AM IST
ഓട്ടോ ചന്ദ്രൻ

കോഴിക്കോട്: ഫുട്ബാളിന്റെ രസതന്ത്രം ജീവതാളമാക്കിയ ആരാധകൻ ഓട്ടോ ചന്ദ്രൻ എന്ന എൻ.പി.ചന്ദ്രശേഖരൻ (84) അന്തരിച്ചു. ഖത്തറിൽ കാൽപന്തുകളിയുടെ ലോകചാമ്പ്യൻഷിപ്പിന് കേളികൊട്ടിയരുന്നതിന് തൊട്ടുമുൻപ് ജിവിതത്തിന്റെ കളിക്കളത്തിൽ നിന്നുള്ള ചന്ദ്രന്റെ മടക്കം ഫുട്ബാൾ പ്രേമികൾക്ക് വലിയ നോവായി.ഏഴ് പതിറ്റാണ്ടിലേറെ കാലം മലബാറിലെ ഫുട്‌ബോൾ ഗാലറികളിലെ ആവേശമായിരുന്നു. രാജ്യത്തെവിടെ ഫുട്‌ബോൾ ടൂർണമെന്റ് ഉണ്ടായാലും പ്രതിബന്ധങ്ങളെ മറികടന്ന് ഗാലറിയിലെ സാന്നിദ്ധ്യമാകാൻ കൊമ്പൻ മീശക്കാരനായ ചന്ദ്രനുണ്ടാകും. രാജ്യത്തെ പ്രശസ്തരായ കളിക്കാരെല്ലാം കോഴിക്കോട്ടെത്തിയാൽ കറങ്ങുന്നത് ചന്ദ്രേട്ടന്റെ ഓട്ടോയിലായിരുന്നു. നഗരവാസികൾക്ക് ഇതൊരു കൗതുക കാഴ്ച കൂടിയായിരുന്നു. 1950 മുതൽ മലബാറിൽ നടന്ന പ്രമുഖ ടൂർണമെന്റുകളെല്ലാം ചന്ദ്രൻ കണ്ടിട്ടുണ്ട്. സ്‌കൂൾ കാലം തൊട്ട് കാൽപ്പന്തിനോട് തോന്നിയ കമ്പം ഇക്കാലമത്രയും തുടർന്നു. ഒടുക്കം ഖത്തറിൽ ഫുട്‌ബോൾ ആരവം കൊടികെട്ടുമ്പോഴാണ് അപ്രതീക്ഷിതമായ വിടവാങ്ങൽ. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. കോഴിക്കോട് തോപ്പയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.

വെള്ളയിൽ ബ്രീസ് ഫുട്ബോൾ ക്ലബ് വൈസ് പ്രസിഡന്റ്, ജില്ലാ ഫുട്ബോൾ അസോസിയേഷൻ രക്ഷാധികാരി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: പുഷ്പവല്ലി. മക്കൾ: ചന്ദ്രപ്രസാദ്, പുഷ്പരാജ് (മുൻ കേരളാ പൊലീസ് ഫുട്ബോൾ താരം), അമ്പിളി (അദ്ധ്യാപിക, ദുബയ്). മരുമക്കൾ: റീന, ശശിലാൽ. സഹോദരങ്ങൾ: ഷണ്മുഖൻ (റിട്ട.കേണൽ), ഡോ.ശിവദാസൻ (മുൻ ആർ.എം.ഒ, ബീച്ച് ഗവ.ജനറൽ ആശുപത്രി), കരുണാകരൻ (റിട്ട.ആർമി), പത്മനാഭൻ, ദയാവതി, സരയൂ, കുട്ടികൃഷ്ണൻ, പരേതയായ സരോജിനി (ബേബി). സഞ്ചയനം വെള്ളിയാഴ്ച.