മേയർ സത്യപ്രതിജ്ഞാ ലംഘനം നടത്തി, രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെ കല്ലേറ്; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
തിരുവനന്തപുരം: കോർപറേഷനിലെ കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെ സംഘർഷം. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡുകൾ തകർക്കുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തതോടെ പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയായിരുന്നു. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മേയർ രാജി വയ്‌ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കോർപ്പറേഷൻ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം എൽ എയാണ് കോർപറേഷൻ മാർച്ച് ഉദ്ഘാടനം ചെയ്‌തത്. ഉദ്ഘാടനം കഴിഞ്ഞതിന് പിന്നാലെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പൊലീസ് ലാത്തി വീശുകയായിരുന്നു. മേയറുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഒരാഴ്‌ചയിലധികമായി തലസ്ഥാനത്ത് പ്രതിഷേധം നടക്കുകയാണ്