അന്യസംസ്ഥാന  തൊഴിലാളിയെ  രക്ഷപ്പെടുത്തിയ ഫയർഫോഴ്‌സിനേയും  പൊലീസിനേയും  നാട്ടുകാരെയും അഭിനന്ദിച്ച് മുഖ്യമന്ത്രി

Thursday 17 November 2022 4:37 PM IST

കോട്ടയം: മറിയപ്പള്ളിയിൽ മണ്ണിനടിയിൽ കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളിയെ രക്ഷപ്പെടുത്തിയ സംഭവത്തിൽ ഫയർഫോഴ്‌സിനെയും പൊലീസിനെയും നാട്ടുകാരെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രമകരമായ ദൗത്യത്തിന് മുന്നിൽ നിന്ന സേനാംഗങ്ങളെയും ഉദ്യോഗസ്ഥരെയും നാട്ടുകാരെയും ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദിക്കുന്നുവെന്നാണ് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.

ബംഗാൾ സ്വദേശി സുശാന്താണ് മണ്ണിനടിയിൽപ്പെട്ടത്. രണ്ടേകാൽ മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലായിരുന്നു യുവാവിനെ പുറത്തെടുത്തത്. സുശാന്തിന്റെ കാലിന് ചെറിയ പരിക്കുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

മതിൽ കെട്ടുന്നതിനായി മണ്ണ് മാറ്റാനുള്ള ശ്രമത്തിനിടെ രാവിലെ ഒൻപതരയോടെയായിരുന്നു അപകടം. അപകടം നടക്കുമ്പോൾ നാല് തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു. മണ്ണിടിഞ്ഞപ്പോൾ മൂന്ന് പേർ ഓടിമാറുകയായിരുന്നു.വളരെ കഷ്‌ടപ്പെട്ടാണ് സുശാന്തിനെ രക്ഷിച്ചതെന്നും നാട്ടുകാർ ഒരുപാട് സഹായിച്ചെന്നും അധികൃതർ പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കോട്ടയം മറിയപ്പള്ളി കാവനാൽകടവിൽ മണ്ണിടിഞ്ഞു അപകടത്തിൽ പെട്ട അതിഥി തൊഴിലാളി സുശാന്തിനെ രണ്ടു മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ രക്ഷപ്പെടുത്താൻ സാധിച്ചു. ഒരു വീടിന്‍റെ നിർമാണ പ്രവ‍ർത്തനം നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ വീണ്ടും മണ്ണിടിഞ്ഞ് വീണ് നിഷാന്ത് കൂടുതൽ ആഴത്തിലേക്ക് പോകുകയായിരുന്നു. നിമിഷ നേരത്തിനുള്ളിൽ തല ഭാഗത്ത് നിന്ന് മണ്ണ് നീക്കം ചെയ്ത് സുശാന്തിന് ശ്വാസതടസം നേരിടുന്നത് ഒഴിവാക്കുകയും, പിന്നീട് മണ്ണിടിഞ്ഞ് വീഴാതിരിക്കാൻ മുകൾഭാഗത്ത് കവചം തീർത്ത് രക്ഷാപ്രവർത്തനം തുടരുകയുമാണുണ്ടായത്. ഫയർഫോഴ്‌സും പൊലീസും, നാട്ടുകാരും ചേർന്ന സംയുക്തമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ സുശാന്തിനെ രക്ഷപ്പെടുത്താൻ സാധിച്ചു. ഈ ശ്രമകരമായ ദൗത്യത്തിന് മുന്നിൽ നിന്ന സേനാംഗങ്ങളെയും ഉദ്യോഗസ്ഥരെയും നാട്ടുകാരെയും ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദിക്കുന്നു.

Advertisement
Advertisement