സമുദ്രോത്പന്ന കയറ്റുമതിക്ക് താത്കാലിക വിലങ്ങിട്ട് ഖത്തർ

Friday 18 November 2022 3:30 AM IST

കൊച്ചി: ഇന്ത്യയിൽ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതിക്ക് താത്കാലിക വിലക്കുമായി ഖത്തർ. ഉത്‌പന്നങ്ങളിൽ ബാക്‌ടീരിയ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണിത്. ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബാൾ ടൂർണമെന്റിന് ഈവാരം തുടക്കമാകുന്ന പശ്ചാത്തലത്തിലാണ് കർശന പരിശോധനകൾ.

ഇന്ത്യയിൽ നിന്ന് കഴിഞ്ഞമാസമെത്തിയ ഏതാനും ചെമ്മീൻ കണ്ടെയ്‌നറുകൾ പരിശോധിച്ചപ്പോഴാണ് ബാക്‌ടീരിയ സാന്നിദ്ധ്യം കണ്ടെത്തിയത്. വിലക്ക് നീക്കാനായി ഖത്തർ ഭരണകൂടവുമായി ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി പ്രോത്സാഹന അതോറിറ്റി (എംപെഡ) ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. കേന്ദ്രസർക്കാരിന് കീഴിലെ എക്‌സ്‌പോർട്ട് ഇൻസ്‌പെക്‌ഷൻ ഏജൻസിയുടെ (ഇ.ഐ.എ) സർട്ടിഫിക്കേഷനുള്ള സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി അനുവദിക്കാമെന്ന് ഖത്തർ അറിയിച്ചതായി സീഫുഡ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ (എസ്.ഇ.എ.ഐ) അധികൃതരും വ്യക്തമാക്കി.

ബാക്‌ടീരിയ സാന്നിദ്ധ്യം കണ്ടെത്തിയ ചെമ്മീൻ കയറ്റുമതി കമ്പനികൾക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകിയെന്ന് എംപെഡ അധികൃതർ പറഞ്ഞു. ഈ കമ്പനികളെ ഇ.ഐ.എ കയറ്റുമതിയിൽ നിന്ന് തത്കാലത്തേക്ക് വിലക്കിയിട്ടുമുണ്ട്. കഴിഞ്ഞവർഷം ഇന്ത്യ ഖത്തറിലേക്ക് 4,000 ടൺ സമുദ്രോത്പന്നങ്ങൾ കയറ്റുമതി ചെയ്‌തിരുന്നു. 2.5 കോടി ഡോളറായിരുന്നു (ഏകദേശം 200 കോടി രൂപ) വരുമാനം. ലോകകപ്പിന്റെ പശ്ചാത്തലത്തിൽ ഈവർഷം മികച്ച കയറ്റുമതി വളർച്ച പ്രതീക്ഷിച്ചിരിക്കേയാണ് അപ്രതീക്ഷിത വിലക്കെത്തിയത്.

കയറ്റുമതി ലക്ഷ്യത്തിന് തിരിച്ചടി

ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി വരുമാനം 2021-22ൽ 776 കോടി ഡോളറായിരുന്നു. നടപ്പുവർഷം 860 കോടി ഡോളറാണ് വരുമാനലക്ഷ്യം. എന്നാൽ, മുഖ്യവിപണികളായ അമേരിക്ക, ചൈന, യൂറോപ്പ്, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള കുത്തനെ കുറഞ്ഞതിനാൽ നടപ്പുവർഷം ലക്ഷ്യംകാണുക പ്രയാസമാണെന്ന് വിലയിരുത്തപ്പെടുന്നു.

ഉയർന്ന നാണയപ്പെരുപ്പം, സാമ്പത്തികമാന്ദ്യഭീതി എന്നിവയാണ് ഡിമാൻഡിനെ ബാധിക്കുന്നത്. മുൻവർഷത്തെ സമാനകാലത്തെ അപേക്ഷിച്ച് ഡിമാൻഡിൽ 30-35 ശതമാനം കുറവുണ്ട്. ക്രിസ്‌മസ്, പുതുവത്സരസീസൺ അടുത്തിരിക്കേയുള്ള ഈ ഡിമാൻഡില്ലായ്മ സമുദ്രോത്പന്ന കയറ്റുമതി മേഖലയ്ക്ക് വലിയ തിരിച്ചടിയാണ്.

Advertisement
Advertisement