വാലറ്റത്ത് വെള്ളമില്ല; ഞാറ് പറിക്കാനാകാതെ കർഷകർ

Friday 18 November 2022 12:02 AM IST

കുഴൽമന്ദം: മലമ്പുഴ ഡാം തുറന്നെങ്കിലും കനാലുകൾ നന്നാക്കാത്തതിനാൽ നീരൊഴുക്ക് തടസപ്പെട്ട് വെള്ളം വാലറ്റത്ത് എത്തുന്നില്ലെന്ന് കർഷകരുടെ പരാതി. ഇതോടെ 25 ദിവസം മൂപ്പെത്തിയ ഞാറ് പറിച്ചുനടാനാകാതെ വിഷമത്തിലാണ് കുത്തന്നൂർ,​ തോലന്നൂർ,​ പടിഞ്ഞാറേപ്പാടം,​ അമ്മ തിരുവടി പാടശേഖരങ്ങളിലെ കർഷകർ.

21 ദിവസം പ്രായമായാൽ ഞാറ് പറിച്ചുനടണം. 27 ദിവസത്തിനപ്പുറം പോകാൻ പാടില്ല. വൈകുന്തോറും ഗുണം നഷ്ടപ്പെടുകയും അത് വിളവിനെ ബാധിക്കുകയും ചെയ്യും. മലമ്പുഴ കനാലിന്റെ ചിതലി ഷട്ടറിൽ നിന്നാണ് ചൂലന്നൂർ, തോലന്നൂർ ഭാഗത്തേക്ക് ഏഴുദിവസം വീതം വെള്ളം തിരിച്ചുവിടുന്നത്. ശാഖാ കനാലുകളുടെ അറ്റകുറ്റപ്പണി നടത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. കാഡാ കനാലുകൾ പാടശേഖര സമിതികൾ വൃത്തിയാക്കുന്നുണ്ടെങ്കിലും എല്ലായിടത്തും പൂർത്തിയാക്കാത്തതും തിരിച്ചടിയായി.
മുപ്പുഴ കുറിശ്ശി കനാലിൽ നിന്നാണ് തോലന്നൂർ മണിയിൽപ്പാടം പടിഞ്ഞാറേപ്പാടം, അമ്മ തിരുവടി പാടശേഖരങ്ങളിൽ വെള്ളമെത്തേണ്ടത്. 180ൽ ഏറെ കർഷകരുടെ 100 ഹെക്ടറോളം പാടത്തെ നെൽക്കൃഷിയാണ് പ്രതിസന്ധിയിലായത്. വെള്ളമില്ലാതെ ഉണങ്ങിത്തറച്ച പാടത്തുനിന്ന് ഞാറുപറിക്കാനും നടാനുമാകില്ല. മികച്ചവിളവും ലാഭവും പ്രതീക്ഷിച്ച രണ്ടാംവിള അപ്പാടെ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് കർഷകരെന്ന് പടിഞ്ഞാറേപ്പാടം പാടശേഖര സമിതി സെക്രട്ടറി പി.പി.ശിവരാമൻ കർഷകരായ വി.ശിവരാമൻ, ആർ.സുമേഷ്, എം.സഹദേവൻ, ആർ.ചന്ദ്രൻ, കെ.കെ.രാധ, എം.മോഹനൻ എന്നിവർ പറഞ്ഞു.

Advertisement
Advertisement