പുണ്യം പൂങ്കാവനം ഉദ്ഘാടനം

Friday 18 November 2022 12:08 AM IST
ചെർപ്പുളശേരി അയ്യപ്പൻ കാവിൽ നടന്ന പുണ്യം പൂങ്കാവനം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം

ചെർപ്പുളശ്ശേരി: ശബരിമലയെ പൂങ്കാവനമാക്കുക എന്ന ലക്ഷ്യത്തോടെ ഐ.ജി പി.വിജയൻ തുടക്കം കുറിച്ച പുണ്യം പൂങ്കാവനം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വൃശ്ചികപ്പുലരിയിൽ ചെർപ്പുളശ്ശേരി അയ്യപ്പൻകാവിൽ നടന്നു. ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക്ക് ഉപയോഗിക്കരുതെന്ന സന്ദേശമാണ് പുണ്യം പൂങ്കാവനം പദ്ധതി. ശബരിമല മുൻ മേൽശാന്തിയും നിലവിൽ ചെർപ്പുളശ്ശേരി അയ്യപ്പൻകാവ് മേൽശാന്തിയുമായ തെക്കുംപറമ്പ് ഉണ്ണികൃഷ്ണൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ബോധവത്കരണ ബോർഡും പുണ്യം പൂങ്കാവനം ബ്രോഷറും മാനേജിംഗ് ട്രസ്റ്റി കെ.കെ.രഘുനാഥിന് നൽകി പ്രകാശനം ചെയ്തു. ക്ഷേത്രത്തിലെ മേൽശാന്തിയേയും അഞ്ചു ഗുരുസ്വാമിമാരേയും പ്രവർത്തകർ പൊന്നാടയണിയിച്ച് ആദരിച്ചു. വൃക്ഷ പ്രസാദം പദ്ധതിയുടെ ഭാഗമായി ചടങ്ങിൽ പങ്കെടുത്തവർക്കും സ്വാമിമാർക്കും വൃക്ഷ തൈ വിതരണവും നടത്തി.

ഇരുമുടിക്കെട്ടിലേക്ക് ഉപയോഗിക്കുന്നതിനായി ഗുരുസ്വാമിമാർക്ക് 1000 കുട്ടിസഞ്ചികൾ വിതരണം ചെയ്തു. ശബരിമല യാത്രയിൽ അനുഷ്ഠിക്കേണ്ട സപ്ത കർമ്മങ്ങൾ വിശദമാക്കുന്ന ലഘുലേഖ റിട്ടേഡ് ഡെപ്യൂട്ടി ഡി.എം.ഒ.ഡോ.കെ.ഗോപി കുഞ്ഞു മാളികപ്പുറത്തിന് നൽകി. ട്രസ്റ്റിമാരായ ഐ.ദേവീദാസൻ,വീണാംകുന്നത്ത് രാധാകൃഷ്ണൻ, എം.മനോഹരൻ, സി.രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement