വില്ലനായി കൊവിഡ് പ്രതിരോധശേഷി ഇടി​ഞ്ഞുതാഴ്ന്നു

Friday 18 November 2022 1:22 AM IST
വില്ലനായി കൊവിഡ് പ്രതിരോധശേഷി

# കുട്ടികളിൽ ആവർത്തിച്ച് പനി

# ജീവിതശൈലി മാറ്റം കുഴയ്ക്കുന്നു

# വിറ്റമിൻ കുറവ് പരിഹരിക്കണം

കൊച്ചി: കൊവിഡിനു ശേഷമുള്ള ജീവിതശൈലി പ്രതിരോധശേഷിയെ ദുർബലമാക്കിയെന്ന് പഠന റിപ്പോർട്ട്. കുട്ടികളെ ഇടയ്ക്കിടെ പനി ബാധിക്കുന്നത് വർദ്ധിച്ചു. വിറ്റമിൻ ഡി 3, ബി 12 എന്നിവയുടെ കുറവിന് പ്രത്യേകശ്രദ്ധ നൽകണമെന്ന് ആരോഗ്യ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.

പ്രതിരോധശേഷി കുറയുന്ന പ്രവണത കൊവിഡിനു ശേഷം കൂടുതൽ വർദ്ധിച്ചതായി തൃശൂരിലെ വൈദ്യരത്‌നം ഔഷധശാല നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്. പ്രകടമാകുന്ന സാഹചര്യത്തിൽ മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണത്തിനായി ജീവിതശൈലിയിൽ ജാഗ്രത ആവശ്യമാണെന്ന് വൈദ്യരത്‌നം ഔഷധശാലയുടെ മാനേജിംഗ് ഡയറക്ടർ അഷ്ടവൈദ്യൻ ഡോ. ഇ.ടി. നീലകണ്ഠൻ മൂസ് പറഞ്ഞു. പ്രതിരോധശേഷി ദുർബലമായതാണ് കുട്ടികൾക്ക് ഇടയ്ക്കിടെ പനി ബാധിക്കുന്നതിന് കാരണം.

സൂര്യപ്രകാശം ഏൽക്കാത്തത്

വി​നയായി​

ശരീരത്തി​ൽ വൈറ്റമിൻ ഡി 3, ബി 12 എന്നിവ കുറയുന്നത് വ്യാപകമായി. സൂര്യപ്രകാശം ഏൽക്കുന്നതിൽ വന്ന ഗണ്യമായ കുറവാണ് ഇതിന് ഒരു കാരണം, വീട്ടിലിരുന്ന് ജോലി ചെയ്യുന്നതുമൂലം ശാരീരകവും മാനസികവുമായ സമ്മർദ്ദങ്ങൾ വർദ്ധിച്ചു.
വൈറ്റമിൻ ഡി യുടെ കുറവിന് വീട്ടിലിരുന്നുള്ള ജോലിയുമായി പ്രത്യക്ഷത്തിൽ ബന്ധമുണ്ട്. വൈറ്റമിൻ ബി 12 കുറയുന്നത് മോശം ഭക്ഷണശീലം, വ്യായാമില്ലായ്‌മ, ജീവിതശൈലി, ജോലിയുമായി ബന്ധപ്പെട്ട സമ്മർദ്ദങ്ങൾ എന്നിവയാണ്.

മാറുന്ന ജീവിതസാഹചര്യങ്ങൾക്കും ജീവിതശൈലികൾക്കും അനുസൃതമായ ആരോഗ്യപരിപാലനം ഉറപ്പാക്കണമെന്ന് പഠനം നിർദ്ദേശിക്കുന്നു.

സമ്മർദ്ദം അതിതീവ്രം
മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരുടെ എണ്ണം ആശങ്കപ്പെടുത്തുന്ന വിധത്തിലാണ് വർദ്ധിക്കുന്നത്. ചികിത്സ തേടിയെത്തുന്നവരിൽ 98 ശതമാനവും സമ്മർദ്ദം നേരിടുന്നവരാണ്. പ്രായഭേദമെന്യെ ഈ അവസ്ഥ ബാധകമാണ്. കുട്ടികളുടെ പഠനത്തെക്കുറിച്ചുളള വ്യാകുലതകളുടെ പേരിൽ സമ്മർദ്ദം അനുഭവിക്കുന്ന മാതാപിതാക്കൾ വരെ ചികിത്സ തേടുന്നുണ്ട്.

........................................................

ആരോഗ്യവും പ്രതിരോധശേഷിയും അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടാൻ ഗുണമേന്മയുള്ള ഔഷധങ്ങൾ നിർണായകമാണ്. ഒൗഷധങ്ങളുടെ ഗുണമേന്മ കൈവരിക്കാനുള്ള മാർഗ്ഗങ്ങൾ ആയുർവേദത്തിന്റെ പ്രാമാണിക ഗ്രന്ഥങ്ങൾ വിവരിക്കുന്നുണ്ട്.

അഷ്ടവൈദ്യൻ ഡോ. ഇ.ടി. യദുനാരായണൻ മൂസ്

എക്‌സിക്യൂട്ടീവ് ഡയറക്ടർ

വൈദ്യരത്‌നം ഔഷധശാല

Advertisement
Advertisement