കാൽ നൂറ്റാണ്ടത്തെ കണക്കിൽ ഓഡിറ്റില്ലാതെ കുടുംബശ്രീ

Friday 18 November 2022 1:20 AM IST

കൊല്ലം: പ്രവർത്തനം ആരംഭിച്ച് കാൽ നൂറ്റാണ്ടായിട്ടും കേന്ദ്ര ​- സംസ്ഥാന സർക്കാരുകളിൽ നിന്ന് കുടുംബശ്രീക്ക് ഓരോ വർഷവും ലഭിക്കുന്ന തുകയ്ക്ക് ഓഡിറ്റില്ല. ഓഡിറ്റ് മാനദണ്ഡങ്ങളടങ്ങിയ നിയമാവലി ഇല്ലാത്തതാണ് കാരണം. ഓഡിറ്റിന് നിശ്ചിത മാതൃകയിലുള്ള കണക്ക് നൽകാനും കഴിയുന്നില്ല.

കഴിഞ്ഞ വർഷം ഏപ്രിലിൽ കണക്കുകൾ പരിശോധിക്കാൻ കുടുംബശ്രീ സംസ്ഥാന മിഷൻ ഓഫീസിലും ഡയറക്ടറേറ്റിലും ഏഴ് ജില്ലാ പഞ്ചായത്ത് ഓഡിറ്റ് ഓഫീസുകളോടും ചേർന്ന് സംസ്ഥാന ഓഡിറ്റ് വകുപ്പ് പ്രത്യേക ഓഫീസുകൾ ആരംഭിച്ചിരുന്നു. എന്നാൽ, കണക്ക് കിട്ടാത്തത്തിനാൽ ഓഡിറ്റിന് നിയോഗിച്ച ഏഴ് ഉദ്യോഗസ്ഥർക്ക് മറ്റ് ജോലികൾ നൽകിയിരിക്കുകയാണ്. 2020-21 ൽ കേന്ദ്ര - സംസ്ഥാന സർക്കാരുകളിൽ നിന്ന് ലഭിച്ച 1335 കോടിയാണ് കുടുംബശ്രീ ചെലവിട്ടത്. ഇതിൽ തദ്ദേശസ്ഥാപന പദ്ധതിയുടെ ഭാഗമായ തുകയുടെ ഓഡിറ്റ് മാത്രമാണ് നടക്കുന്നത്. ഈ ഓഡിറ്റിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് സംസ്ഥാന ഓഡിറ്റ് വകുപ്പിനെ കുടുംബശ്രീയുടെ കണക്കുകൾ ഓഡിറ്റ് ചെയ്യാൻ നിയോഗിച്ചത്.

കരട് നിയമാവലി

വൈകുന്നു

ഓഡിറ്റ് വകുപ്പ് ആവശ്യപ്പെട്ടതോടെയാണ് കുടുംബശ്രീ നിയമാവലിയെക്കുറിച്ച് ആലോചിച്ചത്. കരട് കരാർ ഓഡിറ്റ് വകുപ്പ് തയ്യാറാക്കി മാസങ്ങൾ പിന്നിട്ടിട്ടും കുടുംബശ്രീ ഒപ്പിട്ടില്ല. കുടുംബശ്രീക്ക് സ്വന്തം ഓഡിറ്റ് സംവിധാനമുണ്ട്. ബൈലോ പ്രകാരം ക്രോഡീകരിച്ച കണക്കില്ലാത്തതിനാൽ, എ.ജിയുടെ ഓഡിറ്റും ചില പദ്ധതികളിൽ മാത്രമായി പരിമിതപ്പെടുന്നു.

ലഭിക്കുന്നതിൽ വളരെക്കുറച്ച് തുക മാത്രമാണ് സംസ്ഥാന - ജില്ലാ മിഷനുകൾ നേരിട്ട് ചെലവിടുന്നത്. വൻ തുകയുടെ ഇടപാടുകൾ നടത്തുന്നത് സി.ഡി.എസ്, എ.ഡി.എസ്, അയൽക്കൂട്ടങ്ങളാണ്. ഓഡിറ്റ് വകുപ്പ് ക്രമക്കേട് കണ്ടെത്തിയാൽ നഷ്ടം ഈടാക്കും. ഇതൊഴിവാക്കാൻ ബോധപൂർവം നടപടികൾ വൈകിപ്പിക്കുകയാണെന്നാണ് ആരോപണം.

ബൈലോയും ഓഡിറ്റ് മാനദണ്ഡങ്ങളും തയ്യാറാക്കുന്നതിന്റെ ഭാഗമായി വർക്ക്ഷോപ്പ് സംഘടിപ്പിച്ചിരുന്നു. ഓഡിറ്റ് ഓഫീസുകൾ ആരംഭിക്കുന്നതിന് മുമ്പ് ബൈലോ തയ്യാറാക്കേണ്ടതായിരുന്നു.

-കുടുംബശ്രീ അധികൃതർ

Advertisement
Advertisement