എസ്.ഐ സെലക്ഷൻ: 22ലെ പരീക്ഷയ്ക്ക് സ്റ്റേ

Friday 18 November 2022 12:38 AM IST

കൊച്ചി: പൊലീസ് സബ് ഇൻസ്‌പെക്ടർ (സിവിൽ, ആംഡ്) നിയമനത്തിനായി പി.എസ്.സി 22ന് നടത്താനിരുന്ന മുഖ്യ പരീക്ഷ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (കെ.എ.ടി) എറണാകുളം ബെഞ്ച് സ്റ്റേ ചെയ്തു. പരീക്ഷയ്ക്കുവേണ്ടി തയ്യാറാക്കിയ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടാത്ത ആലുവ സ്വദേശി ടി.വി. വിമൽ ഉൾപ്പെടെ ഒരു കൂട്ടം ഉദ്യോഗാർത്ഥികൾ നൽകിയ ഹർജിയിലാണിത്. ഇതിനെതിരെ പി.എസ്.സി ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകും.

ഒരുലക്ഷത്തിലധികം ഉദ്യോഗാർത്ഥികളാണ് എസ്.ഐ സെലക്ഷനു വേണ്ടിയുള്ള പ്രാഥമിക പരീക്ഷ എഴുതിയത്. ഇതിൽ നിന്ന് മുഖ്യ പരീക്ഷ എഴുതാൻ 6336 പേരുടെ യോഗ്യതാ ലിസ്റ്റാണ് തയ്യാറാക്കിയത്. ഇതിൽ തങ്ങളെയും ഉൾപ്പെടുത്തണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. പി.എസ്.സിയുടെ നോട്ടിഫിക്കേഷനിൽ പ്രാഥമിക പരീക്ഷ നടത്തുന്ന കാര്യം പറഞ്ഞിരുന്നില്ലെന്ന് ഹർജിക്കാർ പറയുന്നു.

പി.എസ്.സിയുടെ ചട്ട പ്രകാരം ഇത്തരത്തിൽ പ്രാഥമിക പരീക്ഷ 2020 ആഗസ്റ്റ് 11 മുതലാണ് പ്രാബല്യത്തിൽ വന്നത്. എന്നാൽ, എസ്.ഐ സെലക്ഷനു വേണ്ടിയുള്ള നോട്ടിഫിക്കേഷൻ ഇതിനു മുമ്പ് 2019 ഡിസംബർ 30നുള്ളതാണെന്ന് ഹർജിക്കാർ വാദിച്ചു. ഇതു കണക്കിലെടുത്താണ് കെ.എ.ടി ചെയർമാൻ ജസ്റ്റിസ് സി.കെ. അബ്ദുൾ റഹിം, അഡ്മിനിസ്ട്രേറ്റീവ് അംഗം ഡോ. പ്രദീപ് കുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് സ്റ്റേ അനുവദിച്ചത്.

Advertisement
Advertisement