ക​രു​ത്തോടെ​ ​ഗ​വ​ർ​ണ​ർ; ദു​ർ​ബ​ല​മാ​യി​ ​സ​ർ​ക്കാർ,​ സർക്കാരിന് തിരിച്ചടിയായി കോടതി വിധികൾ

Friday 18 November 2022 12:42 AM IST

തിരുവനന്തപുരം:സർക്കാരിന്റെ ഇഷ്‌ടക്കാരായ രണ്ടു വൈസ്ചാൻസലർമാരെ കോടതികൾ പുറത്താക്കിയതിനു പിന്നാലെ കണ്ണൂർ യൂണി. അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ ഡോ. പ്രിയ വർഗീസിന് ഹൈക്കോടതി അയോഗ്യത കല്പിച്ചത് ഗവർണറുമായുള്ള ഏറ്റുമുട്ടലിൽ സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കി. തനിക്കനുകൂലമായുള്ള തുടർച്ചയായ കോടതിവിധികൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കൂടുതൽ കരുത്തനുമാക്കി.
സാങ്കേതിക സർവകലാശാലാ വി.സിയായി ഡോ.എം.എസ്. രാജശ്രീയെ നിയമിച്ചത് സുപ്രീംകോടതി അസാധുവാക്കിയതിന് പിന്നാലെ ഫിഷറീസ് സർവകലാശാലാ വി.സിയായിരുന്ന റിജി ജോണിന്റെ നിയമനം ഹൈക്കോടതിയും അസാധുവാക്കിയിരുന്നു.ഇപ്പോൾ പ്രിയ വർഗീസിന് അയോഗ്യതയും.

സർവകലാശാലകളിൽ സർക്കാർ കൈകടത്തുന്നുവെന്ന

ഗവർണറുടെ വാദങ്ങൾക്ക് ബലം പകരുന്നതാണ് കോടതി വിധികൾ. യു.ജി.സി ചട്ടങ്ങളുടെ പിൻബലത്തിൽ ഗവർണറെടുക്കുന്ന നിലപാടുകൾക്ക് നിയമപരമായും സാങ്കേതികമായും സാധുതയും നൽകുന്നു. യു.ജി.സി ചട്ടങ്ങൾ പാലിക്കണമെന്നാണ് കോടതിയും പറയുന്നത്. സർവകലാശാലാ വിഷയത്തിൽ ഗവർണർക്കെതിരായ ഇടതുമുന്നണിയുടെയും സർക്കാരിന്റെയും രാഷ്ട്രീയപോരാട്ടം ഇതോടെ ദുർബലപ്പെടുകയാണ്.

കേന്ദ്ര സർവകലാശാലകളിൽ നടപ്പാക്കിയ ആർ.എസ്.എസ് വത്കരണം കേരളത്തിലെ സർവകലാശാലകളിൽ നടപ്പാക്കാൻ കേന്ദ്രം ഗവർണറെ ഉപയോഗിക്കുകയാണെന്നും അതു തടയാൻ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കണമെന്നും ഇടതുമുന്നണി വാദിക്കുന്നു. പ്രിയ വർഗീസിന് അയോഗ്യത കൽപ്പിച്ച വിധി ഈ വാദത്തെ ദുർബലപ്പെടുത്തി. ഗവർണറുടെ പല നീക്കങ്ങളും അതിരുകടന്ന രാഷ്ട്രീയക്കളിയായി വിലയിരുത്തുന്നവർക്ക് പോലും അദ്ദേഹം കൂടുതൽ സ്വീകാര്യനാവുകയും സർക്കാരിന്റെ പ്രതിഛായ മങ്ങുകയും ചെയ്തു.

പ്രിയ വർഗീസിന്റെ നിയമനത്തെ തുടക്കം മുതൽ ഗവർണർ എതിർത്തിരുന്നു. പക്ഷേ, മുഖ്യമന്ത്രിയടക്കം നിയമനത്തെ ന്യായീകരിക്കുകയായിരുന്നു.

ഗവർണർക്കെതിരെ രാജ്‌ഭവന് മുന്നിൽ ലക്ഷം പേരുടെ സമരം നടത്തിയതിന്റെ തലേന്നാണ് ഫിഷറീസ് സർവകലാശാല വി.സിയെ ഹൈക്കോടതി പുറത്താക്കിയത്. ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ പുറത്താക്കാനുള്ള ബില്ല് നിയമസഭയിൽ കൊണ്ടുവരാനിരിക്കെയാണ് പ്രിയ വർഗീസിന്റെ നിയമനം ഹൈക്കോടതി അസാധുവാക്കിയത്.

മുഖ്യമന്ത്രിക്കും തിരിച്ചടി

തന്റെ ഓഫീസിലുള്ളവരുടെ ബന്ധുവായി എന്നതുകൊണ്ട് യോഗ്യതയുള്ളവർക്ക് നിയമനം നൽകിക്കൂടേ എന്ന മുഖ്യമന്ത്രിയുടെ വാദത്തിന് തിരിച്ചടി

യു.ജി.സി ചട്ടപ്രകാരമല്ലാതെ നിയമിതരായി സർവീസിൽ തുടരുന്ന

ഒൻപത് വി.സിമാർക്കെതിരെയും നടപടി ശക്തമാക്കാൻ ഗവർണർക്ക് കഴിയും

ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ പുറത്താക്കാനുള്ള ബിൽ അവതരിപ്പിക്കാൻ ഡിസംബർ അഞ്ചിന് നിയമസഭ ചേരുമ്പോൾ ബന്ധുനിയമനങ്ങളെ ന്യായീകരിക്കാൻ ഭരണപക്ഷം ബുദ്ധിമുട്ടും

Advertisement
Advertisement