ബി. ഹരികുമാർ അന്തരിച്ചു

Friday 18 November 2022 12:49 AM IST

തിരുവനന്തപുരം: ചലച്ചിത്ര,​ സീരിയൽ നടനും ഹാസ്യ സാഹിത്യകാരനുമായ പോങ്ങുംമൂട് ബാപ്പുജി നഗർ 201, ഓമനയിൽ ബി.ഹരികുമാർ (71) അന്തരിച്ചു. ഒരു വർഷമായി അസുഖബാധിതനായിരുന്നു. നേരത്തെ ഹൃദയ ശസ്തക്രിയയ്ക്ക് വിധേയനായിട്ടുണ്ട്. സംസ്‌കാരം ഇന്നു രാവിലെ 10ന് തൈക്കാട് ശാന്തി കവാടത്തിൽ.

ചലച്ചിത്ര നടൻ അടൂർ ഭാസിയുടെ സഹോദരി ഓമനക്കുട്ടി അമ്മയുടേയും നൂറനാട് ഭാർഗവൻ പിള്ളയുടെയും മകനാണ്. സിൻഡിക്കേറ്റ് ബാങ്കിലെ റിട്ട.ഉദ്യോഗസ്ഥനാണ്. കാഴ്ചയിലും സംസാരത്തിലും അടൂർ ഭാസിയെ അനുസ്മരിപ്പിക്കുന്ന പ്രകൃതമായിരുന്നു ഹരികുമാറിന്റേത്. അഭിനയത്തിൽ അടൂർ ഭാസിയുടെ പാരമ്പര്യം നിലനിറുത്താൻ ഹരികുമാറിന് കഴിഞ്ഞിരുന്നു.

മലയാളം ദൂരദർശന്റെ തുടക്കകാലത്ത് നിരവധി സീരിയലുകളിൽ മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ച അദ്ദേഹം കുടുംബ സദസുകൾക്ക് പ്രിയങ്കരനായിരുന്നു. മലയാറ്റൂരിന്റെ ഡോ. വേഴാമ്പൽ എന്ന നോവലിനെ ആസ്പദമാക്കിയുള്ള സീരിയലിലെ അഭിനയം ശ്രദ്ധേയമായിരുന്നു. സർഗം, കളമശ്ശേരിയിൽ കല്യാണയോഗം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ആനുകാലികങ്ങളിൽ നിരവധി ഹാസ്യ രസപ്രധാനമായ കഥകളും നോവലുകളും എഴുതിയിട്ടുണ്ട്. താവളം, ചിരിയുടെ തമ്പുരാൻ, മാരീചം, വേലിയേറ്റം തുടങ്ങി 25 ഓളം നോവലുകളുടെ രചയിതാവാണ്. സാഹിത്യരചനയ്ക്ക് മൂലൂർ എസ്. പദ്മനാഭ പണിക്കർ അവാർഡ് ലഭിച്ചിട്ടുണ്ട്.


കന്യാകുമാരിയിലെ കുലശേഖരം പൊന്നുമംഗലം കുടുംബാംഗമായ കെ.വി. ശ്രീലേഖയാണ് ഭാര്യ. മകൻ: ഹേമന്ത് (ദുബായ്). മരുമകൾ: പാർവതി (ദുബായ്).