നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് കഴുത്തറ്റം മൂടിയ കൊൽക്കത്ത സ്വദേശിയെ രക്ഷപ്പെടുത്തി

Friday 18 November 2022 2:24 AM IST

 അപകടം മതിൽ പണിക്കിടെ

കോട്ടയം: നിർമ്മാണജോലിക്കിടെ മണ്ണിടിഞ്ഞു വീണ് കഴുത്തറ്റം മൂടിപ്പാേയ കൊൽക്കത്ത സ്വദേശി സുശാന്തിനെ (24) പൊലീസും ഫയർഫോഴ്സും ചേർന്ന് രണ്ടു മണിക്കൂറിലേറെ പണിപ്പെട്ട് രക്ഷപ്പെടുത്തി. 15 അടിയോളം ഉയരത്തിൽ നേരത്തെ ഉണ്ടായിരുന്ന മതിൽ പുനർനിർമ്മിക്കാൻ ശ്രമിക്കവെയാണ് അപകടമുണ്ടായത്. മറിയപ്പള്ളി പൊൻകുന്നത്ത് കാവിനു സമീപം കാവനാൽക്കടവിൽ ജിഷോറിന്റെ പുരയിടത്തിൽ ഇന്നലെ രാവിലെ 9.15 ഓടെയാണ് സംഭവം.

ഉത്തം, സഞ്ജയ് എന്നിവർക്കൊപ്പം വാനം വെട്ടുന്നതിനിടെ മുകളിൽ നിന്ന് മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു. മറ്റു രണ്ടുപേരും ഓടി രക്ഷപ്പെട്ടു. കാൽ പുതഞ്ഞുപോയ സുശാന്തിന്റെ അരയോളം മണ്ണിലകപ്പെട്ടു. മണ്ണ് മാറ്റി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സിമന്റ് ചട്ടി ഉടക്കിയതിനാൽ കഴിഞ്ഞില്ല. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തുന്നതിനിടെ കൂടുതൽ മണ്ണിടിഞ്ഞ് സുശാന്തിനെ മൂടി. കഴുത്തറ്റം വരെയുള്ള മണ്ണ് എല്ലാവരും ചേർന്ന് വേഗത്തിൽ നീക്കി ശ്വസിക്കാവുന്ന സാഹചര്യമുണ്ടാക്കി. സുശാന്ത് നിൽക്കുന്ന ഭാഗത്തേക്ക് വീണ്ടും മണ്ണ് ഇടിയാതിരിക്കാൻ പലകയും കമ്പിയും ഉപയോഗിച്ച് താത്കാലിക സംരക്ഷണഭിത്തി നിർമ്മിച്ചു.

തുടർന്ന് ജെ.സി.ബി ഉപയോഗിച്ച് സമാന്തരമായി 15 അടിയോളം മണ്ണ് മാറ്റി ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ സുശാന്തിന്റെ അടുത്തെത്തി. കുറേ മണ്ണ് കൈകൊണ്ടും നീക്കിമാറ്റി. എന്നിട്ടും, പാദത്തിൽ കുടുങ്ങിയ സിമന്റ് ചട്ടി മണ്ണിനൊപ്പം ഉറച്ചുപോയതിനാൽ കാൽ വലിച്ചെടുക്കാൻ കഴിയാതെ വന്നു. ഏറെ ശ്രമിച്ച് ഈ ഭാഗത്തെ മണ്ണും കൈകൊണ്ട് മാറ്റിയാണ് സുശാന്തിനെ 11.45 ഓടെ പുറത്തെത്തിച്ചത്. തുടർന്ന് ജില്ല ജനറൽ ആശുപത്രിയിൽ പ്രാഥമികശുശ്രൂഷ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. വലതുകാൽമുട്ടിനും അസ്ഥിക്കും പരിക്കുണ്ട്. ഉച്ചയോടെ ആശുപത്രി വിട്ടു.

ചിങ്ങവനം എസ്.എച്ച്.ഒ ടി.ആർ. ടിജുവിന്റെ നേതൃത്വത്തിൽ പൊലീസും കോട്ടയം സ്റ്റേഷൻ ഓഫീസർ അനൂപ് ബി.രവീന്ദ്രന്റെ നേതൃത്വത്തിലുള്ള അഗ്നിശമനസേനാസംഘവും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Advertisement
Advertisement