കാട്ടിൽ മേക്കതിലമ്മയുടെ സന്നിധിയിൽ പർണശാലകൾ ഉണർന്നു

Friday 18 November 2022 2:32 AM IST
കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ വൃശ്ചിക ചിറപ്പ് മഹോത്സവം ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ചവറ: പൊന്മന കാട്ടിൽമേക്കതിലമ്മയുടെ സന്നിധിയിൽ 12 ദിവസം നീണ്ടുനിൽക്കുന്ന വൃശ്ചികോത്സവത്തിന് ഇന്നലെ രാവിലെ ക്ഷേത്രം തന്ത്രി തുറവൂർ ഉണ്ണിക്കൃഷ്ണൻ തന്ത്രിയുടെ മുഖ്യകാർമ്മകിത്വത്തിൽ തൃക്കൊടിയേറ്റി.

വൃശ്ചിക ഭജനയ്ക്ക് ആയിരങ്ങൾ തങ്ങുന്ന പർണശാലയിൽ അതിരാവിലെ തന്നെ നിലവിളക്കുകൾ തെളിഞ്ഞിരുന്നു. കൊടിയേറ്റിന് ശേഷം ക്ഷേത്രം തന്ത്രി എല്ലാ കുടിലുകളിലുമെത്തി തീർത്ഥം തളിച്ചു. ഇതോടെ കുടിലുകളിലെ ചെറു അടുപ്പുകളിലും ആഹാരം പാകം ചെയ്യുന്നതിനുള്ള അഗ്നി തെളിഞ്ഞു. ഉച്ചയ്ക്കുള്ള അന്നദാനത്തിലും ആയിരങ്ങൾ പങ്കെടുത്തു. വൈകിട്ട് വൃശ്ചിക ദീപങ്ങൾ തെളിച്ച് ക്ഷേത്ര സന്നിധിയിൽ ദീപാരാധന തുടങ്ങിയപ്പോൾ ദേവീസ്തുതികൾ ഉയർന്നു. ഇനിയുള്ള 11 നാളുകളിൽ പതിനായിരങ്ങളാകും ഇവിടേക്കെത്തുക. എല്ലാവരുടെയും ഹൃദയങ്ങളിൽ കാട്ടിൽ മേക്കതിലമ്മ ശരണം എന്ന മന്ത്രം മാത്രം.

പ്രാകൃത അനാചാരങ്ങൾ ഇല്ലാതാവണം:

ഡോ. സുജിത്ത് വിജയൻ പിള്ള

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നമ്മുടെ നാട്ടിലും മനസിലും നിന്ന് ഇല്ലാതാവണമെന്ന് ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ പറഞ്ഞു. കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ വൃശ്ചിക ചിറപ്പ് മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇല്ലാത്തവന് കൊടുക്കാൻ മനസുള്ളവരായി മാറണമെന്ന് ഭദ്രദീപപ്രകാശനം നിർവഹിച്ച് സി.ആർ.മഹേഷ് എം.എൽ.എ പറഞ്ഞു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് എസ്.ജയകുമാർ അദ്ധ്യക്ഷനായി. കെ.എം.എം.എൽ എം.ഡി ചന്ദ്രബോസ്, ജില്ലാ പഞ്ചായത്തംഗം സി.പി.സുധീഷ് കുമാർ, വാർഡ് മെമ്പർ ജയചിത്ര എന്നിവർ സംസാരിച്ചു. ക്ഷേത്ര ഭരണസമിതി സെക്രട്ടറി ആർ.സുജിത്ത് സ്വാഗതവും ജോ. സെക്രട്ടറി ടി.സനു നന്ദിയും പറഞ്ഞു.

Advertisement
Advertisement