താത്ക്കാലിക ഓഫീസ് നാളെ മുതൽ വെസ്റ്റ്ഹില്ലിൽ ജില്ലാ കോൺഗ്രസ് ആസ്ഥാനമന്ദിരത്തിന് 26ന് തറക്കല്ലിടൽ

Saturday 19 November 2022 12:54 AM IST
ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആസ്ഥാനമന്ദിരത്തിന്റെ മാതൃക

കോഴിക്കോട്: നാലുനിലകളിലായി 21,000 സ്‌ക്വയർഫീറ്റിൽ പണിയുന്ന ജില്ലാകോൺഗ്രസ് കമ്മിറ്റിയുടെ ആസ്ഥാന മന്ദിരത്തിന് 26ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി തറക്കല്ലിടും. ലീഡർ കെ.കരുണാകരൻ ഭവൻ എന്ന് പേരിട്ടിരിക്കുന്ന കെട്ടിടം കോൺഗ്രസ് പ്രവർത്തകരുടെ രണ്ടാംവീടായിരിക്കുമെന്ന് ജില്ലാപ്രസിഡന്റ് കെ.പ്രവീൺകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ശനിയാഴ്ച രാവിലെ 8.30ന് തറക്കല്ലിടൽ കർമം നടക്കും. പുതിയ കെട്ടിടനിർമാണം പൂർത്തീകരിക്കുന്നത് വരെ ഡി.സി.സി ഓഫീസ് താത്ക്കാലികമായി കെ.പി.സി.സിയുടെ റീജിയണൽ ഓഫീസ് കെട്ടിടത്തിൽ (വെസ്റ്റ്ഹിൽ എൻജിനീയറിംഗ് കോളേജിന് മുമ്പിലുള്ള ഐ.എൻ.ടി.യു.സി ഓഫീസ്) പ്രവർത്തിക്കും. താത്ക്കാലിക ഓഫീസ് നാളെ രാവിലെ 9ന് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരൻ എംപി ഉദ്ഘാടനം ചെയ്യും.
ജില്ലാകോൺഗ്രസ് കമ്മിറ്റിക്ക് ഒരു നല്ല ആസ്ഥാനമന്ദിരം എന്നത് ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരുടെ ചിരകാല അഭിലാഷമാണ്. ഓഡിറ്റോറിയം, രണ്ട് മിനി ഓഡിറ്റോറിയം, മീഡിയ റൂം, ലൈബ്രറി, വാർറൂം പോഷകസംഘടനകൾക്കും സെല്ലുകൾക്കും പ്രത്യേക സൗകര്യങ്ങൾ, അതിഥികൾക്ക് താമസിക്കാവുന്ന രണ്ട് സ്യൂട്ട് റൂമുകൾ, കാന്റീൻ, കെ.പി.സി.സി പ്രസിഡന്റ്, പാർലമെന്ററി പാർട്ടി ലീഡർ, മുൻ പ്രസിഡന്റുമാർ എന്നിവർക്കുള്ള പ്രത്യേക മുറികൾ ഉൾപ്പെടുന്ന വിപുലമായ സൗകര്യങ്ങളോട് കൂടിയാണ് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നത്.
അഞ്ചര കോടിയോളം രൂപ ചെലവ് വരുന്ന കെട്ടിടത്തിന്റെ ഫണ്ട് പൂർണമായും സാധനങ്ങളും പണവുമായി പൊതുജനങ്ങളിൽനിന്നും കോൺഗ്രസ് പ്രവർത്തകരിൽനിന്നും ശേഖരിക്കും. ബൂത്ത് പ്രസിഡന്റ് തൊട്ട് മുകളിലോട്ടുള്ള നേതാക്കൾ തറക്കല്ലിടൽ ചടങ്ങിലെത്തി എന്റെ ഓഫീസിന് എന്റെ പങ്ക് എന്ന പ്രത്യേകം തയ്യാറാക്കിയ കൗണ്ടറുകളിൽ ഓരോരുത്തരും അവരാൽ കഴിയുന്ന തുകയടച്ച് രശീതി വാങ്ങും. ജില്ലയിലെ അമ്പതിനായിരം കോൺഗ്രസ് വീടുകളിൽ പണ കുഞ്ചി വിതരണം നടത്തി ആറ് മാസക്കാലംകൊണ്ട് അവരാൽ കഴിയുന്ന സംഖ്യ കുഞ്ചിയിൽ നിക്ഷേപിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ ഏൽപ്പിക്കും. ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഖാദി ചലഞ്ച്, മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ സാരി ചലഞ്ച്, കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ നാളികേരചലഞ്ച് എന്നിവ സംഘടിപ്പിക്കും. 15 മാസക്കാലംകൊണ്ട് ഓഫീസ് കെട്ടിടം പണി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പ്രവീൺകുമാർ പറഞ്ഞു.

ചടങ്ങിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ കെ.മുരളീധരൻ എം.പി, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവരും പങ്കെടുക്കും.

Advertisement
Advertisement