ഗവർണർ പദവി മകൾക്കുള്ള ശ്രദ്ധാഞ്ജലി: ആനന്ദബോസ്, ബംഗാളിലേക്ക് സ്വാഗതം ചെയ്ത് മമതയുടെ ഫോൺകോൾ

Saturday 19 November 2022 12:00 AM IST

ന്യൂഡൽഹി: ഗവർണർ പദവി അഞ്ച് വർഷം മുൻപ് കാൻസർ ബാധിച്ച് മരിച്ച നർത്തകിയും ചിത്രകാരിയും എഴുത്തുകാരിയുമായിരുന്ന മകൾ നന്ദിതാ ബോസിന് സമർപ്പിക്കുകയാണെന്ന് സി.വി. ആനന്ദബോസ് കേരളകൗമുദിയോട് പറഞ്ഞു.

ഫോണിന് വിശ്രമമില്ല. അഭിനന്ദന പ്രവാഹമാണ്. താമസിക്കുന്ന വിനയ് മാർഗിലെ സിവിൽ സർവീസ് ഓഫീസേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൽ സന്ദർശക തിരക്കും.

കേരളകൗമുദിക്ക് അഭിമുഖം നൽകുന്നതിനിടെ കൽക്കത്തയിൽ നിന്നൊരു ഫോണുണ്ടെന്ന് സുഹൃത്ത് സുരേഷ് വൈദ്യൻ വന്ന് അടക്കം പറഞ്ഞു: മുഖ്യമന്ത്രിയാണ് ലൈനിൽ. സ്വകാര്യമായി സംസാരിക്കണം. അടച്ചിട്ട മുറിയിൽ ചർച്ച. സത്യപ്രതിജ്ഞയ്‌ക്ക് എപ്പോഴാണ് സൗകര്യമെന്ന് ചോദിച്ചു. മുഖ്യമന്ത്രിയുടെ സൗകര്യം പോലെയെന്ന് മറുപടി. പിന്നാലെ പൂച്ചെണ്ടുകളുമായി മുഖ്യമന്ത്രിയുടെ പ്രതിനിധികളെത്തി.അടുത്ത തിങ്കളാഴ്ചയോടെ കൽക്കത്തയ്‌ക്ക് പോകും. 21ന് അല്ലെങ്കിൽ 23ന് സത്യപ്രതിജ്ഞ.

വ്യാഴാഴ്‌ച പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കണ്ടിരുന്നു. അമിത് ഷായുമായി വീണ്ടും കൂടിക്കാഴ്‌ചയുണ്ട്.

#ജഗ്‌ദീപ് ധൻകറിന്റെ പിൻഗാമിയാണല്ലോ?

- ഏറ്റുമുട്ടലിന് സാദ്ധ്യതയില്ല. മുഖ്യമന്ത്രിയുമായാണ് ഇടപെടൽ. രാഷ്‌ട്രീയക്കാരിയോടല്ല.സമ്മർദ്ദങ്ങൾ പൊതുഭരണത്തിന്റെ ഭാഗമാണ്.

കേരളത്തിലെ സർക്കാർ-ഗവർണർ പോര്?

- വ്യത്യസ്‌ത കാഴ്‌ചപ്പാടുള്ള രണ്ട് ഭരണാധികാരികൾ ഇടപഴകുമ്പോഴുള്ള സ്വഭാവിക പരിണാമം മാത്രം. ജനാധിപത്യം അതുൾക്കൊള്ളും.

ഭരണപരിചയം മുതൽക്കൂട്ടാവുമോ?

-തീർച്ചയായും. കെ.കരുണാകരന്റെ സെക്രട്ടറിയായിരുന്നു. നായനാരുമായിട്ടായിരുന്നു കൂടുതൽ അടുപ്പം. എ.കെ.ആന്റണിയുമായും നല്ലബന്ധം. ദേശീയ നേതാക്കളിൽ ശരത് പവാറുമായി കൂടുതൽ സൗഹൃദം. 2004-2010 കാലത്ത് പ്രധാനമന്ത്രി മൻമോഹൻസിംഗിന് കീഴിൽ ആണവോർജ്ജ വകുപ്പിലും സാംസ്‌കാരിക വകുപ്പിലും ജോലി ചെയ്‌തു. വിരമിച്ചശേഷവും അദ്ദേഹം വിളിച്ചിരുന്നു.

മോദിയുമായുള്ള ബന്ധം?

- കുറഞ്ഞ ചെലവിൽ ഭവനനിർമ്മാണമെന്ന നിർമ്മിതികേന്ദ്രത്തിന്റെ ആശയം ഗുജറാത്തിലും എല്ലാവർക്കും പാർപ്പിടം എന്ന കേന്ദ്രപദ്ധതിയിലും അദ്ദേഹം ഉപയോഗിച്ചു. കേരളത്തിൽ നടപ്പാക്കിയ ഗ്രാമോത്സവും മറ്റൊരു രീതിയിൽ ഗുജറാത്തിൽ നടപ്പാക്കി. ഗുജറാത്ത് മുതലുള്ള ബന്ധമാണ്.

നേതാജിയുടെ നാട്ടിൽ?

-അപ്രതീക്ഷിത നിയോഗം. നേതാജിയുടെ ആരാധകനായ അച്‌ഛൻ എട്ടു മക്കളിൽ മൂത്തമകൻ വേണുഗോപാലൻനായരും മകൾ ഓമനക്കുഞ്ഞമ്മയും ഒഴികെ ആറുപേർക്കും ബോസ് എന്ന പേരു നൽകി: മോഹൻബോസ്, സുന്ദർബോസ്, സുകുമാർ ബോസ്, കോമള ബോസ്, ഇന്ദിരാബോസ്.

മകളും മകനും?

ദേശീയ വീക്ഷണമുള്ളവളായിരുന്നു മകൾ. മരണം ഉറപ്പായപ്പോൾ ഞങ്ങളുമായുള്ള അടുപ്പം പ്രമേയമാക്കി 'മാഡ് ഫോർ ഈച്ച് അദർ' എന്ന പുസ്‌തകം രചിച്ചു. മകൻ വാസുദേവ് ഹോളിവുഡിൽ അഭിനയം പഠിക്കുന്നു.

Advertisement
Advertisement