കൊച്ചിയിൽ അഴുക്കുചാലിൽ വീണ കുഞ്ഞിന്റെ നില തൃപ്‌തികരം, നിരീക്ഷണത്തിൽ തുടരും

Saturday 19 November 2022 8:02 AM IST

കൊച്ചി: പനമ്പിള്ളി നഗറിൽ റോഡരികിലെ കാനയിൽ വീണ കുഞ്ഞിൻറെ ആരോഗ്യനില തൃപ്തികരം. അണുബാധയ്‌ക്ക് സാദ്ധ്യത ഉള്ളതിനാൽ കുട്ടിയെ നിരീക്ഷിച്ച് വരികയാണ്. പനമ്പിള്ളി നഗർ ഗ്രന്ഥപ്പുര ലൈബ്രറിക്ക് സമീപം ഇന്നലെ സന്ധ്യയ്‌ക്കാണ് മൂന്നുവയസുകാരൻ കാനയിൽ വീണത്. അമ്മ ആതിര കാനയിലേക്ക് തൂങ്ങിയിറങ്ങി കാലുകൊണ്ട് കുട്ടിയെ ഉയർത്തിപ്പിടിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ച് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.

ഐ.സി.യുവിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നെറ്റിയിലെ നേർത്ത മുറിവ് ഒഴിച്ചാൽ നില തൃപ്തികരമാണ്. അമ്മയ്ക്കും ബന്ധുവായ അഞ്ജലിക്കുമൊപ്പം നടക്കുമ്പോഴാണ് അപകടം. സൗത്ത് പൊലീസ് ആശുപത്രിയിലെത്തി മാതാപിതാക്കളുടെ മൊഴിയെടുത്തു.

അതേസമയം, അപകടം നടന്ന സ്ഥലത്ത് ഇരുമ്പ് കമ്പി കൊണ്ട് ബാരിക്കേഡ് കെട്ടാൻ കോൺട്രാക്ടർക്ക് കൊച്ചി കോർപ്പറേഷൻ നിർദ്ദേശം നൽകി. ഇത് രണ്ട് ദിനസത്തിനകം പൂർത്തിയാക്കാനാണ് നിർദ്ദേശം. നിലവിൽ താത്കാലിക ബാരിക്കേഡ് കൊണ്ടാണ് കാനയ്ക്കും റോഡിനും അതിര് വച്ചിരിക്കുന്നത്.

കുട്ടി കാനയിൽ വീണത് ദുഃഖകരമാണെന്ന് മേയർ അഡ്വ. എം. അനിൽ കുമാർ പ്രതികരിച്ചു. കുട്ടിയുടെ ചികിത്സാ ചെലവ് നഗരസഭ ഏറ്റെടുക്കുകയോ താൻ വഹിക്കുകയോ ചെയ്യുമെന്നും മേയർ പറഞ്ഞു.