'മേയർ ഗോ ബാക്ക്', പ്രതിഷേധത്തിൽ മുങ്ങി നഗരസഭാ കൗൺസിൽ യോഗം; യു ഡി എഫ്, ബി ജെ പി കൗൺസിലർമാർ നടുത്തളത്തിൽ
തിരുവനന്തപുരം: കത്ത് വിവാദം ചർച്ച ചെയ്യാൻ വിളിച്ച കൗൺസിൽ യോഗത്തിൽ പ്രതിഷേധം. യോഗത്തിൽ മേയർ ആര്യാ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കരുതെന്നാവശ്യപ്പെട്ട് യു ഡി എഫ്, ബി ജെ പി കൗൺസിലർമാർ നടുത്തളത്തിലിറങ്ങി. മുദ്രാവാക്യം വിളിച്ചും ബാനർ ഉയർത്തിയുമാണ് പ്രതിഷേധം.
"അഴിമതി മേയർ ഗോ ബാക്ക്" എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിക്കുന്നത്. ആര്യാ രാജേന്ദ്രന് പിന്തുണ പ്രഖ്യാപിച്ച് 'നമ്മൾ മേയറോടൊപ്പം' എന്ന ബാനർ പിടിച്ചുകൊണ്ട് ഇടതു കൗൺസിലർമാരും രംഗത്തുണ്ട്.
മേയറുടെ ഡയസിലേക്ക് തള്ളിക്കയറാൻ ബി ജെ പി കൗൺസിലർമാർ ശ്രമിച്ചു. പ്രതിഷേധങ്ങൾക്കിടയിലും മേയർ യോഗ നടപടികൾ ആരംഭിച്ചു. അതേസമയം, ബി ജെ പിയുടെ 35 കൗൺസിലർമാർ ആവശ്യപ്പെട്ടത് പ്രകാരമാണ് യോഗം വിളിച്ചതെന്നാണ് മേയറുടെ പ്രതികരണം. മാദ്ധ്യമങ്ങളെ കൂട്ടുപിടിച്ച് വ്യാജ പ്രചാരണം നടത്തുകയാണെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു.