റവന്യൂ ജില്ലാ കായിക മേള : പുല്ലാടിന് കിരീടം, ഇരവിപേരൂർ സെന്റ് ജോൺസ് ചാമ്പ്യൻമാർ

Sunday 20 November 2022 12:13 AM IST
റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ ഓവറോൾ കിരീടം നേടിയ പുല്ലാട് ഉപജില്ലാ ടീം ട്രോഫി​യുമായി​

കൊടുമൺ : റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ 198 പോയിന്റുമായി പുല്ലാട് സബ് ജില്ല ഒാവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 186 പോയിന്റ് നേടിയ പത്തനംതിട്ട രണ്ടാംസ്ഥാനവും 101പോയിന്റുകളോടെ ആതിഥേയരായ അടൂർ സബ് ജില്ല മൂന്നാംസ്ഥാനവും സ്വന്തമാക്കി. സ്കൂൾ തലത്തിൽ 15 സ്വർണവും 8 വെള്ളിയും 3 വെങ്കലവും ഉൾപ്പെടെ 96 പോയിന്റ് കരസ്ഥമാക്കി ഇരവിപേരൂർ സെന്റ് ജോൺസ് എച്ച്.എസ്.എസ് ഒാവറോൾ ചാമ്പ്യന്മാരായി. 6 സ്വർണവും 7 വെള്ളിയും 3 വെങ്കലവും ഉൾപ്പടെ 54 പോയിന്റുകൾ കരസ്ഥമാക്കി പത്തനംതിട്ട മാർത്തോമ്മ എച്ച്.എസ്.എസ് രണ്ടാംസ്ഥാനത്തും 7 സ്വർണ്ണവും 2 വെള്ളിയും 2 വെങ്കലവും നേടി കിടങ്ങന്നൂർ എസ്.വി.ജി.വി.എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തും എത്തി. സീനിയർ വിഭാഗം ആൺകുട്ടികളുടെ മത്സരത്തിൽ 15 പോയിന്റ് ലഭിച്ച ഇരവിപേരൂർ സെന്റ് ജോൺസ് എച്ച്.എസ്.എസിലെ അലൻ റജിയും പെൺകുട്ടികളുടെ വിഭാഗത്തിൽ 15 പോയിന്റുകൾ വീതം ലഭിച്ച അടൂർ സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസിലെ സ്നേഹ മറിയം വിത്സണും പത്തനംതിട്ട ഗവ.എച്ച്.എസ്.എസിലെ അനഘ വിജയനും വ്യക്തിഗത ചാമ്പ്യന്മാരായി. സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ 15 പോയിന്റുകൾ നേടി കൊടുമൺ എച്ച്.എസിലെ ശിവഹരിയും പെൺകുട്ടികളുടെ വിഭാഗത്തിൽ 10 പോയിന്റ് ലഭിച്ച കിടങ്ങന്നൂർ എസ്.വി.ജി.വി.എച്ച്.എസ്.എസിലെ ആരഭി അനൂപും വ്യക്തിഗത ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി. ജൂനിയർ വിഭാഗം പെൺകുട്ടികളിൽ 15 പോയിന്റുകൾ നേടിയ ഇരവിപേരൂർ സെന്റ് ജോൺസ് എച്ച്.എസ്.എസിലെ ശ്രുതിദാസും പത്തനംതിട്ട മാർത്തോമ്മ എച്ച്.എസ്.എസിലെ അക്ഷയ ശിവകുമാറും ആൺകുട്ടികളുടെ വിഭാഗത്തിൽ കിടങ്ങന്നൂർ എസ്.വി.ജി. എച്ച്.എസ്.എസിലെ അജാസ് ബിജുവും പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്.എസ്.എസിലെ ആർ.രാഹുലും വ്യക്തിഗത ജേതാക്കളായി.