'കേരളത്തിലെ സ്കൂളുകളിൽ പ്രഭാത ഭക്ഷണ പദ്ധതി, സഹായിക്കുവാൻ പ്രവാസി സംഘടനകൾ മുന്നോട്ടു വരണം'; മന്ത്രി വി ശിവൻകുട്ടി

Sunday 20 November 2022 3:32 PM IST

തിരുവനന്തപുരം: കേരളത്തിലെ എല്ലാ സ്കൂളുകളിലും കുട്ടികൾക്ക് പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതി നടപ്പിലാക്കാൻ പ്രവാസി സംഘടനകളും വ്യക്തികളും സഹായിക്കണമെന്ന് കേരള വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു. അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫെഡറേഷൻ ഒഫ് കേരളാ അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക, ഫൊക്കാന ,2023 മാർച്ച് 31 മുതൽ ഏപ്രിൽ രണ്ട് വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കേരളാ കൺവെൻഷന്റെ സംഘാടക സമിതി പ്രവർത്തനം ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു അദ്ദേഹം.


കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്കും അവർക്ക് ഉത്സാഹത്തോടെ പഠനത്തിലേർപ്പെടുന്നതിനും നല്ല പ്രഭാത ഭക്ഷണം ആവശ്യമാണ്. എന്നാൽ ഇപ്പോൾ കേരളത്തിലെ എല്ലാ സ്കൂളുകളിലും ഉച്ചഭക്ഷണം ഉറപ്പുവരുത്താൻ കഴിയുന്നുണ്ടെങ്കിലും ചുരുക്കം ചില സ്കൂളുകൾ ഒഴിച്ച് ഒരിടത്തും കുട്ടികൾക്ക് പ്രഭാത ഭക്ഷണം നൽകാൻ കഴിയുന്നില്ല. ഈ സ്ഥിതി മാറുവാൻ ഫൊക്കാന പോലുള്ള പ്രവാസി സംഘടനകളുടെ സഹകരണം ആവശ്യമാണ്. സ്കൂളുകളിലെ പ്രഭാത ഭക്ഷണ പരിപാടി സ്പോൺസർ ചെയ്യാൻ വ്യക്തികളും മുന്നോട്ട് വരണം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഉൾച്ചേർന്ന വികസനവും പുരോഗതിയും സാദ്ധ്യമാക്കാൻ ഇത്തരം സഹായങ്ങൾ ആവശ്യമാണെന്ന് മന്ത്രി വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.

ചടങ്ങിൽ ഗ്ലോബൽ കേരള ഇനിഷ്യേറ്റീവ് കേരളീയം വർക്കിംഗ് ചെയർമാൻ ജി രാജ് മോഹൻ അദ്ധ്യക്ഷത വഹിച്ചു. കേരളീയം സെക്രട്ടറി എൻ ആർ ഹരികുമാർ ,ഫൊക്കാനയുടെ സ്ഥാപക ജനറൽ സെക്രട്ടറി മധു നായർ , കേരളീയം ട്രഷറർ ജി അജയകുമാർ എന്നിവർ പ്രസംഗിച്ചു. ഇന്റർനാഷണൽ ലെയ്സൺ സെക്രട്ടറി ലാലു ജോസഫ് സ്വാഗതവും, ട്രിവാൻഡ്രം ക്ലബ് മുൻ പ്രസിഡന്റ് ബാബു സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു. രക്ഷാധികാരികളായി മന്ത്രി വി ശിവൻ കുട്ടി, കേരളീയം ചെയർമാൻ പി വി അബ്ദുൾ വഹാബ് എം പി എന്നിവരും മുഖ്യ ഉപദേഷ്ടാവായി മുൻ അംബാസിഡറായ ടി പി ശ്രീനിവാസൻ , ചെയർമാനായി ജി രാജ് മോഹൻ, ജനൽ സെക്രട്ടറിയായി എൻ ആർ ഹരികുമാർ, ജനറൽ കൺവീനറായി ലാലു ജോസഫ് എന്നിവരടങ്ങുന്ന മുപ്പത്തിയൊന്നംഗ സംഘാടക സമിതി രൂപീകരിച്ചു.

Advertisement
Advertisement