ഭരണകർത്താക്കൾക്ക് രാജ്യസ്‌നേഹത്തെക്കാൾ പ്രധാനം കുടുംബസ്‌നേഹം: വി.മുരളീധരൻ

Monday 21 November 2022 12:02 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണകർത്താക്കളിൽ പലരും രാജ്യസ്‌നേഹത്തിന് പകരം കുടുംബസ്‌നേഹത്തിന് പ്രാധാന്യം നൽകുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഭാരതീയ കോൺട്രാക്‌ടേഴ്സ് സംഘിന്റെ പ്രഥമ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ മന്ത്രിമാരും നേതാക്കളും ഭാര്യമാർക്കും ബന്ധുക്കൾക്കും ജോലി ലഭ്യമാക്കുമ്പോൾ സി.പി.എമ്മുകാർ അവർക്ക് താത്പര്യമുള്ളവർക്ക് മാത്രം ജോലി ലഭ്യമാക്കുന്നു. ഒരു വ്യക്തി സമൂഹത്തിന്റെ ചാലകശക്തിയാവണമെങ്കിൽ കുടുംബസ്‌നേഹത്തിന് പകരം രാജ്യസ്‌നേഹത്തിന് പ്രാധാന്യം നൽകണം. ഭാരതത്തെ വികസിത രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തിൽ പശ്ചാത്തലവികസനമാണ് കേന്ദ്രസർക്കാർ ഊന്നൽ നൽകുന്ന സുപ്രധാന മേഖല. നിർമ്മാണ മേഖലയിലുള്ളവർക്ക് ഇതിൽ സുപ്രധാന പങ്ക് വഹിക്കാനുണ്ട്. കേരളത്തിലെ നിർമ്മാണമേഖലയിലെ ഒരു സഹകരണസംഘത്തെ സർക്കാർ പുകഴ്‌ത്തിപ്പാടുകയാണ്. ഇതിനു പിന്നിലെ ഇടപാടുകളെക്കുറിച്ച് മറ്റുള്ളവർക്ക് ധാരണയുണ്ടാവില്ലെന്ന് കരുതിയാണിതെന്നും മന്ത്രി പറഞ്ഞു.

എം.ഡി.ജയന്തൻ നമ്പൂതിരിപ്പാട് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.എസ് പ്രാന്തപ്രചാരക് എസ്.സുദർശൻ, ആർ.എസ്.എസ് ദക്ഷിണക്ഷേത്രീയവശേഷ് സമ്പർക്ക പ്രമുഖ് എ.ജയകുമാർ, ജി.വെങ്കിട്ടരാമൻ, സജികുമാർ, ശ്രീഗണേശ് വി.നായർ, ശ്രീജിത്ത് ചങ്ങനാശേരി, വേണുഗോപാൽ, എസ്.ആർ.സജീവ്, ആർ.രാജൻ തുടങ്ങിയവർ സംസാരിച്ചു.

ജി.വെങ്കിട്ടരാമൻ, ശശി ബുധന്നൂർ (രക്ഷാധികാരികൾ), എം.ഡി.ജയന്തൻ നമ്പൂതിരിപ്പാട് (സംസ്ഥാന പ്രസിഡന്റ്), ശ്രീജിത്ത് ചങ്ങനാശേരി (ജനറൽ സെക്രട്ടറി), എസ്.സത്യചന്ദ്രൻ, രവീന്ദ്രൻനായർ, ജയപ്രകാശ് (വൈസ് പ്രസിഡന്റുമാർ), ആർ.രാജൻ, സന്തോഷ്, സനോജ് (സെക്രട്ടറിമാർ) വേണുഗോപാൽ (ട്രഷറർ) ശ്രീഗണേശ് വി. നായർ (ടെക്‌നിക്കൽ അഡ്‌വൈസർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

Advertisement
Advertisement