മുസ്ലിം വിവാഹം: പ്രായപൂർത്തിയായില്ലെങ്കിൽ പോക്സോ നിയമം ബാധകം

Monday 21 November 2022 12:04 AM IST

കൊച്ചി: മുസ്ലിം വ്യക്തി നിയമപ്രകാരമുള്ള വിവാഹത്തിൽ പ്രായപൂർത്തിയാകാത്ത പ്രശ്നമുണ്ടെങ്കിൽ പോക്‌സോ നിയമം ബാധകമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് മുസ്ലിം വിവാഹം ഒഴിവാക്കപ്പെട്ടിട്ടില്ലെന്ന് വിലയിരുത്തിയാണ് സിംഗിൾ ബെഞ്ചിന്റെ വിധി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ ബംഗാൾ സ്വദേശിയായ മുസ്ലിം യുവാവ് നൽകിയ ജാമ്യ ഹർജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തള്ളി.തിരുവല്ല പൊലീസെടുത്ത കേസിലെ പ്രതിയാണ് ഹർജിക്കാരൻ. കവിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയപ്പോഴാണ് പൊലീസ് കേസെടുത്തത്. മുസ്ലിം വ്യക്തി നിയമമനുസരിച്ച് 18 വയസിൽ താഴെയും വിവാഹങ്ങൾക്ക് സാധുതയുണ്ടെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ബാലവിവാഹ നിരോധന നിയമം നിലവിൽവന്ന ശേഷം വ്യക്തിനിയമങ്ങൾ നിലനിൽക്കുമോ എന്നതിൽ കോടതി സംശയം പ്രകടിപ്പിച്ചു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപണമുള്ളപ്പോൾ വ്യക്തിനിയമ പ്രകാരമുള്ള വിവാഹത്തിന്റെ സാധുതയും സംശയകരമാണ്.പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗികബന്ധം പോക്‌സോ നിയമപ്രകാരം കുറ്റകരമാണ്. ബാലവിവാഹം കുട്ടിയുടെ പൂർണവികാസത്തെ തടയുന്നതാണെന്നും കോടതി പറഞ്ഞു..