പ്രഭാത സവാരിക്കിറങ്ങിയവർ ജലാശയത്തിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച; വെള‌ളത്തിൽ കടുത്ത രാസമാലിന്യം കലർത്തിയതായി സൂചന

Sunday 20 November 2022 11:10 PM IST

ആലുവ: വെള്ളത്തിൽ രാസമാലിന്യം കലർന്നതിനെ തുടർന്ന് ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ കീഴ്മാട് ഗ്രാമപഞ്ചായത്തിലെ തുമ്പിച്ചാൽ ജലാശയത്തിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി. നാലാംമൈൽ വ്യവസായ മേഖലയിൽ നിന്നുള്ള രാസമാലിന്യം പുറംതള്ളിയതിനെ തുടർന്നാണ് മത്സ്യനാശം സംഭവിച്ചതെന്ന ആക്ഷേപവുമായി നാട്ടുകാർ രംഗത്തെത്തി.

ഇന്നലെ പുലർച്ചെയാണ് മത്സ്യങ്ങൾ വെള്ളത്തിന് മുകളിൽ കിടന്ന് പിടയുന്നത് പ്രഭാതസവാരിക്കിറങ്ങിയവരുടെ ശ്രദ്ധയിൽപ്പെട്ടത്. സംഭവമറിഞ്ഞ് ജനപ്രതിനിധികളും നാട്ടുകാരുമെല്ലാം തടിച്ചുകൂടി. ലക്ഷക്കണക്കിന് രൂപ മുടക്കി അടുത്തിടെ തുമ്പിച്ചാൽ പുനരുദ്ധരിച്ച് വിനോദ സഞ്ചാര മേഖലയാക്കുന്നതിനുള്ള ശ്രമം നടക്കുന്നതിനിടെയാണ് സംഭവം.

വെള്ളം പതഞ്ഞ് പൊങ്ങി കടുത്ത നിറവ്യത്യാസം ഉണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു. കുറുവ മത്സ്യങ്ങളാണ് ചത്തൊടുങ്ങിയവയിൽ ഏറെയും.

വർഷങ്ങളായി പുല്ലും കാടും പിടിച്ചുകിടന്ന തുമ്പിച്ചാൽ ജലാശയം പഞ്ചായത്തിന്റെ ആവശ്യപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ ഓപ്പറേഷൻ വാഹിനി പദ്ധതിയിൽപ്പെടുത്തി അടുത്തിടെയാണ് ശുചീകരിച്ചത്.

പദ്ധതികൾ മുങ്ങുമോ?

കേന്ദ്ര ജലശക്തി അഭിയാൻ പദ്ധതിയിൽ പെടുത്തി കേന്ദ്ര ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ സഹകരണത്തോടെ നിരവധി പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. തുമ്പിച്ചാൽ വീണ്ടും മാലിന്യ നിക്ഷേപ കേന്ദ്രമായാൽ പദ്ധതികൾ നഷ്ടപ്പെടുമോയെന്ന ആശങ്കയുണ്ട്. പത്ത് വർഷം മുൻപ് ഓംബുഡ്സ്മാനെ നാട്ടുകാർ ഇതേ കാരണത്താൽ സമീപിച്ചിട്ടുണ്ട്. പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താനും വ്യവസായ മാലിന്യം ഒഴുക്കിയവർക്കെതിരെ നടപടിയെടുക്കണമെന്നും നിർദ്ദേശിച്ചിരുന്നെങ്കിലും യാതൊരു നടപടിയുണ്ടായില്ല. മലിനീകരണ നിയന്ത്രണ ബോർഡിനെതിരെയും നാട്ടു കാരുടെ രോക്ഷം ശക്തമായിട്ടുണ്ട്.

അനക്കമില്ലാതെ മലിനീകരണ നിയന്ത്രണ ബോർഡധികൃതർ

രാസമാലിന്യത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും വെള്ളത്തിന്റെ സാമ്പിൾ പരിശോധിക്കുന്നതിനുമായി മലിനീകരണ നിയന്ത്രണ ബോർഡധികൃതരെ ബന്ധപ്പെടാൻ നിരവധി തവണ ഫോൺ വിളിച്ചെങ്കിലും എടുത്തില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു പറഞ്ഞു. മലിനജല പരിശോധനക്കായി എടുത്താൽ മാത്രമേ ഏത് രീതിയിലുള്ള മാലിന്യമാണ് കലർന്നത് എന്ന് വ്യക്തമാകൂ. സമീപ പ്രദേശങ്ങളിലെ നിരവധി കിണറുകളിൽ ഉറവയായി എത്തുന്നത് തുമ്പിച്ചാലിലെ വെള്ളമാണ്. തുമ്പിച്ചാലിൽ നിന്നും വെള്ളം നേരെ ചെന്നെത്തുന്നത് ചാലക്കൽ തോടുവഴി പെരിയാറിലേക്കാണ്. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Advertisement
Advertisement