ഇക്കൊല്ലം സൂര്യമേളയിൽ യേശുദാസുണ്ടാകില്ല

Monday 21 November 2022 12:12 AM IST

തിരുവനന്തപുരം: 44 വർഷം തുടർച്ചയായി സൂര്യാമേളയിൽ സംഗീതക്കച്ചേരി അവതരിപ്പിച്ച ഗായകൻ കെ.ജെ.യേശുദാസ് ഇത്തവണ മേളയ്‌ക്കെത്തില്ല.കൊവിഡ് പൂർണമായി മാറാതെ ഇന്ത്യയിലേക്കില്ലെന്ന നിലപാടിൽ യേശുദാസ് ഉറച്ചുനിൽക്കുന്നതാണ് കാരണം.ഡിസംബർ ഏഴിനാണ് അദ്ദേഹത്തിന്റെ സംഗീതക്കച്ചേരി നടത്താൻ നിശ്‌ചയിച്ചിരുന്നത്.കഴിഞ്ഞ മൂന്ന് വർഷമായി അമേരിക്കയിലാണ് യേശുദാസ്.സൂര്യമേളയിലും ചെന്നൈയിലെ മാർഗഴി മേളയിലും പങ്കെടുക്കാൻ നവംബർ അവസാനത്തോടെ ഇന്ത്യയിലേക്കെത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് പൂർണമായി മാറാത്ത സാഹചര്യത്തിൽ ദീർഘദൂര യാത്രയ്‌ക്കില്ലെന്ന് അദ്ദേഹം മേളകളുടെ സംഘാടകരെ അറിയിച്ചു.കഴിഞ്ഞ രണ്ട് വർഷം കൊവിഡ് കാരണം ഓൺലൈനായാണ് യേശുദാസ് മേളയിൽ കച്ചേരി അവതരിപ്പിച്ചിരുന്നത്. യേശുദാസിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും അടുത്ത അവസരത്തിനായി കാത്തിരിക്കുകയാണെന്നും സുര്യ കൃഷ്‌ണമൂർത്തി പറഞ്ഞു.